കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചിലില്‍ 17 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

0
57
A member of the Long Beach Search and Rescue team looks for survivors in a car in Montecito, Calif. on Tuesday, Jan. 9, 2018. Several homes were swept away before dawn Tuesday when mud and debris roared into neighborhoods in Montecito from hillsides stripped of vegetation during a recent wildfire. (Daniel Dreifuss)

മോണ്ടെസിറ്റോ; ദക്ഷിണ കാലിഫോര്‍ണിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 17 ആയി. നിരവധി പേരെ കാണാതായതാണ് വിവരം.

മോണ്ടെസിറ്റോ, സാന്റാ ബാര്‍ബര, കാര്‍പെന്റിരിയ മേഖലകളിലാണ് കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ടം നേരിട്ടത്, റോഡുകളില്‍ ചെളിയും പാറകളും നിറയുകയും വീടുകള്‍ ചെളിയില്‍ മുങ്ങുകയും ചെയ്തു. 17 പേര്‍ മരിച്ചതിനോടൊപ്പം ഇരുപതോളം പേരെ കാണാതായതാണ് റിപ്പോര്‍ട്ട്. നൂറിലേറെ വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 50 പേരെ രക്ഷിച്ചതായി സുരക്ഷാസേന അറിയിച്ചു. അതേസമയം മരണസംഖ്യ ഇനിയും തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രധാനപ്പെട്ട ഹൈവേയടക്കം കാലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.

വിഷമഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്ന് ഗവര്‍ണര്‍ ബില്‍ ബ്രൗണ്‍ പറഞ്ഞു. ‘മരണസംഖ്യ ഉയരരുതെന്ന് പ്രാര്‍ത്ഥിക്കുമ്പോഴും മറിച്ചാണ് സംഭവിക്കാന്‍ പോകുന്നത്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഞങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്,’ ബ്രൗണ്‍ കൂട്ടിച്ചേര്‍ത്തു. പ്രശസ്ത അവതാരകയും അഭിനേത്രിയുമായ ഓപ്ര വിന്‍ഫ്രിയടക്കം സെലിബ്രിറ്റികള്‍ താമസിക്കുന്ന മേഖലയാണ് മോണ്ടെസിറ്റോയും പരിസര പ്രദേശങ്ങളും. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പലസ്ഥലങ്ങളും ചെളിയും മണ്ണും മൂടികിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.