കുറിഞ്ഞി ഉദ്യാനം: മന്ത്രിസഭാ ഉപസമിതിയുടെ യോഗം ഇന്ന്

0
98

തിരുവനന്തപുരം: മൂന്നാര്‍ കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഇന്നു യോഗം ചേരും. സ്ഥലം സന്ദര്‍ശിച്ചശേഷം റവന്യൂ, വനം വകുപ്പുകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗം പരിഗണിക്കും. മുഖ്യമന്ത്രിയും ഉപസമിതി യോഗത്തില്‍ പങ്കെടുക്കും എന്നാണ് സൂചന. ചെറുകിട കൈയേറ്റക്കാരെ ഒഴിപ്പിക്കേണ്ടന്ന സമീപനമാണ് റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ചിട്ടുള്ളത്. റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും.
കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ കുറവുവരുമെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിര്‍ത്തി പുന:ര്‍നിര്‍ണയിക്കുമ്പോള്‍ ആയിരത്തോളം ഹെക്ടര്‍ കുറവുണ്ടാകുമെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസമാണ് റവന്യൂമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം, ചെറുകിട കുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ടതില്ലെന്നാണ് വനം മന്ത്രി കെ രാജു സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡിസംബര്‍ 21 നാണ് വനംമന്ത്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കല്‍ വേണ്ടെന്നും സര്‍വെ പൂര്‍ത്തിയായ ശേഷം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയാല്‍ മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 11, 12 തീയതികളിലായിരുന്നു മന്ത്രിതല സമതി മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുന:ര്‍നിര്‍ണയിക്കാന്‍ നവംബര്‍ 23 നാണ് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ രാജു, എംഎം മണി എന്നിവരടങ്ങിയ മൂന്നംഗ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. ഇടുക്കി എംപി ജോയ്സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കുറിഞ്ഞി സങ്കേതത്തില്‍പ്പെട്ട ഭൂമിയുടെ പട്ടയം ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയതിനെതിരെ ജില്ലയിലെ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിതോടെയാണ് ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണിക്കാന്‍ മുഖ്യമന്ത്രി മന്ത്രിതല സമിതിക്ക് രൂപം നല്‍കിയത്.
അതേസമയം, കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമില്ലെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രവനം-വന്യജീവി ബോര്‍ഡിന്റെ അനുമതി വേണമെന്നാണ് ഡിസംബര്‍ 29 ന് കേന്ദ്രപരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്സഭയില്‍ വ്യക്തമാക്കിയത്.
2006 ലാണ് കുറിഞ്ഞി സങ്കേതത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും അന്തിമവിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. 3, 200 ഹെക്ടര്‍ വിസ്തൃതിയില്‍ ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മേഖലയില്‍ കൈയേറ്റങ്ങള്‍ വ്യാപകമായിരുന്നു.