കുറ്റിപ്പുറം പാലത്തിന് സമീപം വീണ്ടും സ്‌ഫോടക വസ്തു കണ്ടെത്തി

0
59

തിരൂര്‍: കുറ്റിപ്പുറം പാലത്തിന് താഴെ വീണ്ടും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. നാണൂറിലധികം വെടിയുണ്ടകളും കുഴിബോംബുകളുമാണ് കണ്ടെത്തിയത്. വെള്ളത്തിനടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. .സംഭവത്തില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചു. സൈന്യം ഉപയോഗിക്കുന്ന രീതിയിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിന്ന് ഉഗ്രസ്‌ഫോടനശേഷിയുള്ള അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. സൈനികര്‍ ഉപയോഗിക്കുന്ന മെെനുകളാണ് അന്ന് കണ്ടെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ഇന്ന് വീണ്ടും ബോംബുകള്‍ കണ്ടെടുത്തിരിക്കുന്നത്. പാലത്തിന്റെ അഞ്ചാമത്തെയും ആറാമത്തെയും തൂണുകള്‍ക്കിടയില്‍ 30 മീറ്ററോളം മാറി ഉപേക്ഷിച്ച നിലയിലാണ് നേരത്തെ അഞ്ച് ബോംബുകള്‍ കണ്ടെത്തിയത്.

മൈനുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ദേശീയ സുരക്ഷ സംഘം പരിശോധന ഊര്‍ജിതമാക്കിയിരുന്നു. പാലത്തിന്റെ താഴെ ബാഗിലും മണലിലുമായാണ് നേരത്തെ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിരുന്നത്. പിന്നീട് ഇവ മലപ്പുറം എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.