കൊച്ചി കവര്‍ച്ചയ്ക്ക് പിന്നിലെ ബംഗ്ലാദേശി സംഘം പൊലീസ് പിടിയില്‍

0
62

കൊച്ചി: കൊച്ചിയെ ഭീതിയിലാഴ്ത്തി അരങ്ങേറിയ കവര്‍ച്ചകള്‍ക്ക് പിന്നില്‍ ബംഗ്ലാദേശി സംഘമാണെന്ന് പൊലീസ് കണ്ടെത്തല്‍. വീടിന്റെ ജനാലകള്‍ തകര്‍ത്ത് പുല്ലേപ്പടിയിലും എരൂരിലും മോഷണം നടത്തിയ സംഘത്തിലെ മൂന്നു പേരെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് പിടികൂടി.

ബംഗ്ലാദേശില്‍ നിന്ന് ബംഗാളില്‍ എത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ സംഘം പിന്നീട് പല സംസ്ഥാനങ്ങളിലായി കവര്‍ച്ച നടത്തി. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള വീടുകളാണ് മോഷണത്തിനായി ഇവര്‍ തിരഞ്ഞെടുത്തിരുന്നത്.

കവര്‍ച്ച നടത്തിയ ശേഷം ട്രെയിനില്‍ നാടുവിടുകയാണ് സംഘത്തിന്റെ പതിവ്. കൊച്ചിയില്‍ കവര്‍ച്ച നടത്താന്‍ ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചു എന്നതാണ്  പൊലീസ് കണ്ടെത്തല്‍. ആക്രി പെറുക്കാന്‍ എന്ന വ്യാജേന നിരീക്ഷണം നടത്തിയവരാണ് ഇവരെ സഹായിച്ചത്. ബംഗാളിലും ഡല്‍ഹിയിലുമായി കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം കിട്ടിയത്. ഇതില്‍ മൂന്ന് പേരെ ഡല്‍ഹിയില്‍ നിന്നും പിടികൂടി. കവര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു.

ബാക്കിയുള്ളവര്‍ മുര്‍ഷിദാബാദ് വഴി ബംഗ്ലാദേശിലേക്ക് കടന്നതായാണ് വിവരം. ഇവരെ കണ്ടെത്താന്‍ ബോര്‍ഡര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. അറസ്റ്റിലായവരില്‍ നിന്ന് നിരവധി കവര്‍ച്ചാ കേസുകളുടെ തുമ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ കേരളത്തില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള വീടുകളില്‍ നടന്ന മോഷണത്തിന്റെ ചരിത്രവും പൊലീസ് പരിശോധിക്കുന്നുണ്ട്.