ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണം: ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

0
43


ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാകും വാദം കേള്‍ക്കുന്നത്. മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ജസ്റ്റിസ് ലോയയുടെ മരണം.

ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതുമെല്ലാം ദുരൂഹമാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബര്‍ 15ന് ഹാജരാകണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയായിരുന്നു ജഡ്ജിയുടെ മരണം.