ജെഡിയു മുന്നണിമാറ്റം: ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എം.എം ഹസന്‍

0
57

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിടുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ധാരണയായത്. സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം കൈകൊണ്ടത്. നയപരമായ പ്രഖ്യാപനം നാളെയുണ്ടാകും. എല്‍ഡിഎഫിനൊപ്പം ചേരാമെന്ന തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭാ സീറ്റ് ജെഡിയുവിന് തന്നെ നല്‍കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തെ അറിയിച്ചിരുന്നു.

യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതായിരിക്കും നല്ലതെന്നാണ് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് നേതൃയോഗം അവസാനിച്ചത്. അതേസമയം, ഇടത് മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം ഇപ്പോഴും ശക്തമായ വിയോജിപ്പിലാണ്. തന്റെ നിലപാട് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് ഇദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ട്ടി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെപി മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏതാനും സംസ്ഥാന നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തോട് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അവരും തീരുമാനം അംഗീകരിക്കുകയായിരുന്നു.