ജെഡിയു സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന്; ലക്ഷ്യം മുന്നണി മാറ്റത്തില്‍ അന്തിമ തീരുമാനം

0
53


തിരുവനന്തപുരം: ജെഡിയു സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നും നാളെയും തിരുവനന്തപുരത്ത് നടക്കും. മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയാണ് യോഗങ്ങളുടെ പ്രധാന ലക്ഷ്യം. ശരദ് യാദവ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ ഇന്നത്തെ യോഗത്തില്‍ വീരേന്ദ്രകുമാര്‍ അറിയിക്കും.
ഇന്ന് സംസ്ഥാന നേതൃയോഗവും നാളെ സംസ്ഥാന കൗണ്‍സിലുമാണ് ചേരുന്നത്. സംസ്ഥാന കൗണ്‍സില്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ജെഡിയു നിര്‍ണായക സംസ്ഥാനനേതൃയോഗം ഇന്ന് ചേരുന്നത്. ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി തുടരാനാകില്ലെന്ന നിലപാട് കൈക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. ഭാവി രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ചും നിതീഷുമായി വേര്‍പിരിഞ്ഞ ശരദ് യാദവ് വിഭാഗവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളും ഇന്നത്തെ യോഗത്തില്‍ വീരേന്ദ്രകുമാര്‍ അറിയിക്കും.
ഡിസംബര്‍ 20 നായിരുന്നു വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്. ബിജെപി പാളയത്തിലുള്ള ജെഡിയുവിന്റെ എംപിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു വീരേന്ദ്രകുമാറിന്റെ രാജി. രാജിക്ക് പിന്നാലെ ജെഡിയുവിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം രംഗത്തെത്തിയിരുന്നു. യുഡിഎഫ് വിട്ടുവന്നാല്‍ മുന്നണിപ്രവേശം സംബന്ധിച്ച് ചര്‍ച്ച ആകാമെന്നായിരുന്നു സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ജെഡിയു മുന്നണി വിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വീരേന്ദ്രകുമാറിന്റെ രാജി വേണ്ടിയിരുന്നില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസും യുഡിഎഫും കൈക്കൊണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാജി അനാവശ്യമായിരുന്നെന്നാണ് ചെന്നിത്തല പറഞ്ഞത്. യുഡിഎഫിന്റെ മാത്രം വോട്ടുനേടിയാണ് വീരേന്ദ്രകുമാര്‍ വിജയിച്ചതെന്നും അതിനാല്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എല്‍ഡിഎഫിലെ ഘടകകക്ഷിയായ ജനതാദള്‍ എസുമായി അടുത്തിടെ വീരേന്ദ്രകുമാര്‍ വിഭാഗം മുന്നണിമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്നണിമാറ്റം അനിവാര്യമാണെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റേത്. എന്നാല്‍ കെപി മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നണി മാറ്റത്തെ എതിര്‍ക്കുന്നവരാണ്.