ടിബറ്റന്‍ മാസ്റ്റിഫ്;കടുവകളെപ്പോലും നേരിടുന്ന വീര ശൂര ശ്വാനന്മാര്‍

0
171

ഋഷിദാസ്

ടിബറ്റന്‍ പീഠഭൂമിയിലും ഉന്നതമായ ഹിമാലയന്‍ മേഖലകളിലെയും കടുത്ത കാലാവസ്ഥയില്‍ ജീവിക്കാന്‍ പ്രാപ്തിയുള്ള ശ്വാന വര്‍ഗമാണ് ടിബറ്റന്‍ മാസ്റ്റിഫ്. ടിബറ്റന്‍ മാസ്റ്റിഫ് എന്നാണ് പേരെങ്കിലും നേപ്പാള്‍, മംഗോളിയ, ഭൂട്ടാന്‍ എന്നിവിടങ്ങളിലും നമ്മുടെ രാജ്യത്തിന്റെ ഹിമാലയന്‍ അതിര്‍ത്തികളിലും ഇവ കാണപ്പെടുന്നുണ്ട്. സ്വാഭാവികമായും ഇവയുള്ള പ്രദേശങ്ങള്‍ ഇതൊക്കെയാണെങ്കിലും ഗൃഹപാലക ശ്വാനന്മാരായി ഇപ്പോള്‍ ഇവ ലോകം മുഴുവന്‍ വ്യാപിച്ചിട്ടുണ്ട് ളരെ വിലപിടിച്ചവയാണ് ടിബറ്റന്‍ മാസ്റ്റിഫുകള്‍. ഒരു മില്യണ്‍ ഡോളര്‍ വിലയുള്ള ടിബറ്റന്‍ മാസ്റ്റിഫുകള്‍ വരെയുണ്ടെന്നാണ് പറയപ്പെടുന്നത്. ചൈനയില്‍ ഇവയെ വന്‍മൂല്യമുള്ള കലാവസ്തുക്കള്‍ പോലെ കരസ്ഥമാക്കി പരിപാലിക്കുന്ന കോടീശ്വരന്മാര്‍ ഉണ്ട്.

ശ്വാനന്മാരുടെ കൂട്ടത്തിലെ ഭീമാകാരന്മാരുടെ ഇടയിലാണ് ടിബറ്റന്‍ മാസ്റ്റിഫുകളുടെ സ്ഥാനം. ശരാശരി ഭാരം 80 കിലോഗ്രാമാണെങ്കിലും നൂറു കിലോഗ്രാമിലേറെ ഭാരമുള്ള ടിബറ്റന്‍ മാസ്റ്റിഫുകളും സാധാരണമാണ്. ടിബറ്റന്‍ മാസ്റ്റിഫ് എന്നത് യൂറോപ്യന്‍ മാസ്റ്റിഫുകളോടുള്ള രൂപ സാദൃശ്യം കാരണം അവര്‍ ഈ ശ്വാനന്മാര്‍ക്കു നല്‍കിയ പേരാണ്. ടിബറ്റില്‍ ഇവ അറിയപ്പെടുന്നത് ദ്രോഗ് ഖയി എന്നാണ്. ടിബറ്റില്‍ ഇവയെ ആട്ടിന്‍കൂട്ടങ്ങളെ സംരക്ഷിക്കുന്ന ഷീപ് ഡോഗുകളായാണ് സഹസ്രാബ്ധങ്ങളായി ഉപയോഗിക്കുന്നത്. ടിബറ്റില്‍ ഇവ യജമാന സ്‌നേഹത്തിനും ശൂരതക്കും പേരുകേട്ടവയാണ്. ആട്ടിന്കൂട്ടങ്ങളെ ആക്രമിക്കുന്ന ചെന്നായ്ക്കളെ ഇവ അനായാസം തോല്‍പ്പിച്ചോടിക്കാറുണ്ട്. ഇവ കടുവകളെവരെ കൊന്നിട്ടുണ്ടെന്നാണ് ടിബറ്റന്‍ വിശ്വാസം. ഇവയുടെ പ്രധാന മേഖല ടിബറ്റ് ആണെങ്കിലും ഹിമാലയന്‍ മേഖലയില്‍ മുഴുവനും ഇവ വിഹരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഹിമാലയന്‍ മൗണ്ടന്‍ ഡോഗ് എന്നതാവും ഇവയുടെ കൂടുതല്‍ ശരിയായ പേരെന്ന് കരുതുന്നവരും ഉണ്ട്.

ഓക്‌സിജന്‍ വളരെ കുറവായ പര്‍വ്വതമേഖലകളില്‍ ടിബറ്റന്‍ മാസ്റ്റിഫിനു അനായാസം കഴിയാം. ഇക്കാര്യം അത്ഭുതകരമാണ്. യാക് , സ്‌നോ ലേപ്പേര്‍ഡ് തുടങ്ങിയ ടിബറ്റന്‍/ഹിമാലയന്‍ മൃഗങ്ങള്‍ പോലും തണുപ്പുകാലത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. പക്ഷെ ടിബറ്റന്‍ മാസ്റ്റിഫുകള്‍ക്ക് ഒരു പ്രയാസവും ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാറില്ല. കഴിഞ്ഞ 5000 കൊല്ലം മുന്‍പ് വരെ പോലും ടിബറ്റന്‍ മാസ്റ്റിഫുകള്‍ ടിബറ്റന്‍ ചെന്നായകളുമായി ഇടകലര്‍ന്നാണ് ജീവിച്ചിരുന്നത്. ഏതാണ്ട് 40000 കൊല്ലം മുന്‍പാണ് ഇവ ഗ്രേ വൂള്‍ഫുകളില്‍ നിന്നും വഴിപിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ഗ്രേ വൂള്‍ഫുകളുടെ ഒരു സബ് സ്പീഷീസ് ആണ് ടിബറ്റന്‍ വുള്‍ഫ്. ഈ ദീര്‍ഘകാല ജനിതക കൈമാറ്റമാണ് ടിബറ്റന്‍ മാസ്റ്റിഫുകളുടെ അതിജീവന ശക്തിക്കുകാരണം എന്നാണ് ഇപ്പോള്‍ കരുതുന്നത്. ടിബറ്റന്‍ വൂള്‍ഫുകളോടും ടിബറ്റന്‍ മാസ്റ്റിഫുകളോടും രൂപ സാമ്യതയുള്ള മറ്റൊരു ചെന്നായ് വര്‍ഗമായ ഹിമാലയന്‍ ചെന്നായ്ക്കള്‍. ഇവ ഇപ്പോഴും ഹിമാലയന്‍ പ്രദേശങ്ങളില്‍ വിഹരിക്കുന്നുണ്ട്. അതിസങ്കീര്‍ണ്ണമായ ജനിതക കൈമാറ്റങ്ങളിലൂടെയാവാം ഇപ്പോള്‍ കാണുന്ന ടിബറ്റന്‍ മാസ്റ്റിഫുകള്‍ അവയുടെ കഴിവുകള്‍ ആര്‍ജ്ജിച്ചത്, എന്നതിലേക്കാണ് ഒരേ മേഖലയില്‍ പല വ്യത്യസ്ത തരം ചെന്നായ്ക്കള്‍ നിലനില്‍ക്കുന്നതില്‍നിന്നും അനുമാനിക്കേണ്ടത്.

നായാടികളുടെയും ,ഇടയന്മാരുടെയും ,പര്‍വത ഗോത്രങ്ങളുടെയും ചങ്ങാതിയും ,കാവല്‍ ഭടനുമായ ടിബറ്റന്‍ മാസ്റ്റിഫ് ആഗോള പ്രശസ്തി നേടിയിട്ട് അധികകാലം ആയിട്ടില്ല. ചൈന ടിബറ്റ് കൈയടക്കിയതിനു ശേഷമാണ് ചൈനയിലേക്ക് വന്‍തോതില്‍ ഈ മൃഗങ്ങളെ കടത്തുന്നത്. ചൈനയില്‍ ഇവര്‍ ഒരു കച്ചവട വസ്തുവായി മാറി. ഇവയുടെ സമൃദ്ധമായ രോമക്കുപ്പായം പല തരത്തില്‍ മാറ്റിയെടുത്ത് ചൈനയില്‍ ഇവര്‍ വലിയ പ്രദര്‍ശന ശ്വാനന്മാരായി മാറി. അതോടെയാണ് ഇടയന്മാരുടെ ചങ്ങാതിക്ക് ലക്ഷക്കണക്കിന് ഡോളറുകള്‍ വിലവരാന്‍ തുടങ്ങിയത്. 2011 ല്‍ ഒരു ചൈനീസ് വ്യവസായി ഒരു ദശലക്ഷം ഡോളറിന് ഒരു ടിബറ്റന്‍ മാസ്റ്റിഫിനെ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. അതിനു ശേഷം ചൈനയില്‍ വ്യാജടിബറ്റന്‍ മാസ്റ്റിഫുകളുടെ കാലമായി. വ്യാജനേത്, ഒറിജിനല്‍ ഏത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ ചൈനയില്‍ അവയുടെ വില കുത്തനെ ഇടിഞ്ഞു.

ഇപ്പോഴും ചെന്നായ്ക്കളുടെ പല ജീവശാസ്ത്ര പ്രത്യേകതകളും ടിബറ്റന്‍ മാസ്റ്റിഫുകള്‍ നിലനിര്‍ത്തുന്നുണ്ട്. മറ്റു ശ്വാനവര്‍ഗങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണ പ്രത്യുല്‍പ്പാദനം നടത്തുമ്പോള്‍ ടിബറ്റന്‍ മാസ്റ്റിഫുകള്‍ ചെന്നായ്ക്കളെപ്പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് പ്രത്യുല്‍പ്പാദനം നടത്തുന്നത്. ചെന്നായ്ക്കളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ശ്വാനവര്‍ഗമായി പലരും ടിബറ്റന്‍ മാസ്റ്റിഫുകളെ കരുതുന്നുണ്ട്.