നെയ്മറുടേത് പരസ്യത്തിനായി സൃഷ്ടിച്ച ഗോളാഘോഷമോ?

0
87

പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ വീണ്ടും വിവാദത്തില്‍. ഗോള്‍ നേടിയ ആഹ്ലാദപ്രകനം കൂടിപ്പോയതാണ് നെയ്മര്‍ നേരിടുന്ന പ്രശ്‌നം. കഴിഞ്ഞ ദിവസം നടന്ന പിഎസ്ജി-ആമിയെന്‍സ് മത്സരത്തില്‍ ഒരു പെനാല്‍റ്റി കിക്ക് ഗോളാക്കിയ ശേഷമായിരുന്നു നെയ്മറുടെ വ്യത്യസ്തമായ ആഹ്ലാദപ്രകടനം. ഗോളിന് ശേഷം നേരെ തന്റെ ബൂട്ട് ഊരി തലയില്‍ വച്ചു പന്ത് പോലെ അമ്മാനമാടിയാണ് നെയ്മര്‍ ഗോള്‍ ആഘോഷിച്ചത്.

മത്സരത്തിലെ അന്‍പത്തിമൂന്നാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയ ശേഷമായിരുന്നു നെയ്മറുടെ പ്രകടനം. ആര്‍ത്തിരമ്പുന്ന ഗാലറിയെ നോക്കി തന്റെ ബൂട്ട് ഊരി തലയില്‍ വച്ചു നെയ്മര്‍ അമ്മാനമാടുകയായിരുന്നു. നെയ്മറുടെ സ്പോണ്‍സറും, ഷൂവിന്റെ നിര്‍മാതാക്കളുമായ ‘നൈക്കിക്ക്’ വേണ്ടിയുള്ള പരസ്യമാണ് ഗോളാഘോഷം എന്ന പേരില്‍ നെയ്മര്‍ നടത്തിയത് എന്നാണ് വിമര്‍ശനം. കളിക്കളത്തില്‍ കളിക്കാര്‍ സ്വയം പരസ്യമാവുന്നത് ഒഴിവാക്കണം എന്ന ഫിഫയുടെ മാര്‍ഗനിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതേത്തുടര്‍ന്ന് നെയ്മര്‍ക്കെതിരെ ഫിഫയുടെ നടപടിയുണ്ടാകുമോയെന്ന് കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.

2002 ലോകകപ്പില്‍ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിന്റെ ഓര്‍മ്മക്കായി നൈക്കി പുറത്തിറക്കിയ ‘പ്യൂറോ ഫിനോമിനോ’ സീരിസിലെ ലിമിറ്റഡ് എഡിഷന്‍ ബൂട്ടുമായാണ് നെയ്മര്‍ പിഎസ്ജിയ്ക്കായി കളിക്കളത്തില്‍ ഇറങ്ങിയത്. പ്രസ്തുത ബൂട്ടണിഞ്ഞു നെയ്മറുടെ ആദ്യ മത്സരമായിരുന്നു ഇന്നലെ. അതിനാല്‍ തന്നെ നൈക്കിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നെയ്മര്‍ പരസ്യത്തിനായി സൃഷ്ടിച്ചെടുത്തതാണ് ‘ഗോളാഘോഷം’ എന്ന വാദം ശക്തമാണ്.

എന്നാല്‍ നെയ്മറുടെ ആരാധനാപാത്രമായ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയോടുള്ള ആദരവിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പേരിലുള്ള ബൂട്ട് തലയില്‍ വച്ചുള്ള ആഘോഷപ്രകടനം എന്നാണ് നെയ്മര്‍ ആരാധകരുടെ പക്ഷം.