നേതൃയോഗത്തില്‍ ധാരണ; ജെഡിയു ഇടതുമുന്നണിയിലേയ്ക്ക്‌

സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം കൈകൊണ്ടത്.

0
57
വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിയു ഇടത് മുന്നണിയിലേക്ക് പോകാന്‍ ധാരണയായി. സംസ്ഥാന നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. ഏകകണ്ഠമായാണ് തീരുമാനം കൈകൊണ്ടത്. നയപരമായ പ്രഖ്യാപനം നാളെയുണ്ടാകും. എല്‍ഡിഎഫിനൊപ്പം ചേരാമെന്ന തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും അനുകൂലിച്ചു. വീരേന്ദ്രകുമാര്‍ രാജിവെച്ച രാജ്യസഭാ സീറ്റ് ജെഡിയുവിന് തന്നെ നല്‍കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍ യോഗത്തെ അറിയിച്ചിരുന്നു.

യുഡിഎഫില്‍ നിന്നതുകൊണ്ട് പാര്‍ട്ടിക്ക് നേട്ടമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പഴയ ലാവണത്തിലേക്ക് തിരിച്ചുപോകുന്നതായിരിക്കും നല്ലതെന്നാണ്‌ വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയത്. ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് നേതൃയോഗം അവസാനിച്ചത്. അതേസമയം, ഇടത് മുന്നണിയില്‍ ചേരാനുള്ള തീരുമാനത്തില്‍ സംസ്ഥാന ഭാരവാഹികളില്‍ ഒരു വിഭാഗം ഇപ്പോഴും ശക്തമായ വിയോജിപ്പിലാണ്. തന്റെ നിലപാട് വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയായ ജോണ്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് രാജിവച്ചതായി അറിയിച്ചുകൊണ്ട് ഇദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ട്ടി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെപി മോഹനന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഏതാനും സംസ്ഥാന നേതാക്കള്‍ ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനത്തോട് പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും അവരും തീരുമാനം അംഗീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരുന്നുണ്ട്.

യുഡിഎഫ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വീരേന്ദ്രകുമാര്‍ കഴിഞ്ഞമാസം എംപി സ്ഥാനം രാജിവച്ചിരുന്നു. ദേശീയതലത്തില്‍ ജെഡിയു, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് താന്‍ എംപി സ്ഥാനം രാജിവച്ചതെന്നാണ് വീരേന്ദ്രകുമാര്‍ രാജിക്ക് ശേഷം പ്രതികരിച്ചത്.