ബല്‍റാം വിവാദം; തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

0
52

തൃത്താല: വി.ടി.ബല്‍റാം എംഎല്‍എയെ തടയുന്നതിനെ തുടര്‍ന്നുണ്ടായ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. ജില്ലയിലുടനീളം മണ്ഡലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്‌കരണവും തുടരുമെന്ന് സിപിഎം വ്യക്തമാക്കിയതോടെ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. വാഹനങ്ങള്‍ 10 മിനിട്ട് നേരം തടഞ്ഞുനിര്‍ത്തിയ ശേഷമാണ് വിടുന്നത്.

ബുധനാഴ്ച തൃത്താല മണ്ഡലത്തില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ബല്‍റാമിനെ തടയാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരും സംരക്ഷണമൊരുക്കിയ യുഡിഎഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടിയതോടെ കല്ലേറും ലാത്തിച്ചാര്‍ജുമുണ്ടായി. കപ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്താണിയിലുണ്ടായ സംഭവത്തില്‍ എട്ടു പൊലീസുകാരും മാധ്യമപ്രവര്‍ത്തകനുമടക്കം 31 പേര്‍ക്കു പരുക്കേറ്റു. എംഎല്‍എയുടെ വാഹനത്തിന്റെ ചില്ല് കല്ലേറില്‍ തകര്‍ന്നു. എകെജിക്കെതിരായ വിവാദ പരാമര്‍ശത്തിനു ശേഷം ബല്‍റാം പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇത്.

പൊലീസ് വാഹന അകമ്പടിയോടെ 10.15നെത്തിയ എംഎല്‍എയെ കെട്ടിടത്തിന് 50 മീറ്റര്‍ അകലെ വാഹനത്തില്‍ നിന്നിറക്കി യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായി നീങ്ങി. ഈ സമയം, റോഡിന് എതിര്‍വശത്തു മുദ്രാവാക്യം മുഴക്കി നിന്ന എല്‍ഡിഎഫ് പ്രവര്‍ത്തകരിലൊരാള്‍ പൊലീസ് വാഹനത്തിനു മുകളില്‍ കയറി എംഎല്‍എയുടെ വാഹനത്തിലേക്കു ചീമുട്ടയെറിഞ്ഞു. പിന്നാലെ കല്ലേറു തുടങ്ങി. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞതോടെ രംഗം യുദ്ധക്കളമായി. ഇരുവിഭാഗത്തിനും മധ്യേ നിലയുറപ്പിച്ച പൊലീസ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ അടിച്ചോടിച്ചു. പിന്നീട് കൂനംമൂച്ചിയില്‍ ബല്‍റാം കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.

എകെജിയുമായി ബന്ധപ്പെട്ടു തന്റെ പരാമര്‍ശം സിപിഎം പ്രവര്‍ത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങള്‍ക്കു നല്‍കിയ മറുപടിയാണെന്നും അത് ഏറ്റവും ഉദാത്തമാണെന്ന് അവകാശപ്പെടുന്നില്ലെന്നും ബല്‍റാം പറഞ്ഞു. അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, സിപിഎമ്മിന്റെ ഗുണ്ടായിസത്തെ ചെറുക്കാനുള്ള കരുത്തു തനിക്കും പാര്‍ട്ടിക്കും ഉണ്ടെന്നും ബല്‍റാം വ്യക്തമാക്കി.