ബല്‍റാമിന് നിയമസഭാംഗമെന്ന നിലയില്‍ സംരക്ഷണം നല്‍കണം: സ്പീക്കര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

0
49

തിരുവനന്തപുരം: ഫെയ്സ് ബുക്കിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എം.എല്‍.എ വി.ടി.ബല്‍റാമിനെ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ തടയുമെന്ന് സി.പി.എം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമസഭാംഗമെന്ന നിലയിലുള്ള  സംരക്ഷണം നല്‍കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കി.

സി.പി.എമ്മിന്റെ നടപടി ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് ഉറപ്പ് നല്‍കുന്ന സംസാര സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും തടയുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്. സ്വന്തം നിയോജക മണ്ഡലത്തിലെ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു നിയമസഭാ സാമാജികനെന്ന നിലയിലുള്ള ബല്‍റാമിന്റെ അവകാശത്തെ കയ്യൂക്ക് കൊണ്ട് തടയുന്നതിനാണ് ശ്രമിക്കുന്നത്.

ഭരണം കയ്യാളുന്ന കക്ഷി തന്നെ ഒരു ജനപ്രതിനിധിയെ തടയുകയും നിയമം കൈയ്യിലെടുക്കുകയും ചെയ്യുന്നത് നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി