ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ അധികാരകേന്ദ്രങ്ങളാകുമ്പോള്‍ പിണറായിയ്ക്കും ശൈലജയ്ക്കും സംഭവിക്കുന്നത്…

0
223

കെ.ശ്രീജിത്ത്

വിവാദങ്ങള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് കേരളം. അതില്‍ പലതും പതിരില്ലാത്തതാണുതാനും. എന്നാല്‍ ഇതിനിടയില്‍ അപൂര്‍വമായി പതിരുള്ള ചിലതും സംഭവിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര. ഓഖി ഫണ്ട് ഉപയോഗിച്ച് സിപിഎം തൃശൂര്‍ ജില്ലാ സമ്മേളന വേദിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്തു എന്നതാണ് വിവാദത്തിന് ആധാരമായ വസ്തുത.

ഓഖി ദുരന്തത്തെക്കുറിച്ച് പഠിക്കാന്‍ വന്ന കേന്ദ്രസംഘത്തെ കാണുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രിയ്ക്ക് ‘അടിയന്തിരമായി’ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തിരുവനന്തപുരത്തേയ്ക്ക് യാത്ര ചെയ്യേണ്ടിവന്നത്. ഇതിന് ഹെലികോപ്റ്റര്‍ വാടകയിനത്തില്‍ ചിലവായ എട്ട് ലക്ഷം രൂപ ഓഖി ഫണ്ടില്‍ നിന്ന് പാസാക്കുകയായിരുന്നു റവന്യൂ വകുപ്പ്. എന്നാല്‍ സംഗതി വിവാദമായപ്പോള്‍ പണം പാസാക്കി ഉത്തരവിറങ്ങിയ അന്ന് തന്നെ വൈകുന്നേരം അത് പിന്‍വലിക്കുകയും ചെയ്തു. പിന്നീട് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കല്‍ സെക്ഷന്റെ ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ കമ്പനിയ്ക്ക് പണം നല്‍കാന്‍ ഉത്തരവുമിറക്കി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചിലവ് റവന്യൂ വകുപ്പ് പാസാക്കിയെന്ന വിവരം റവന്യൂ മന്ത്രി അറിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ വാടക അനുവദിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോട് അദ്ദേഹം വിശദീകരണം തേടുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് പിണറായിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ട് ലക്ഷം രൂപ സിപിഎം അവരുടെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുമെന്നാണ്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ അതിനര്‍ത്ഥം വിവാദത്തില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി തിരിച്ചറിയുകയും അതില്‍ നിന്ന് തലയൂരണമെന്ന് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു എന്നുമാണ്. എന്നാലും ഒരു കാര്യം ബാക്കി കിടക്കുന്നു. വിഷയത്തിലെ നൈതികതയാണത്.

അടുത്ത കാലത്ത് സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഓഖി കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായത്. ഇപ്പോഴും പലരെയും കണ്ടെത്തിയിട്ടില്ല. തീരപ്രദേശങ്ങളിലെ കുടുംബങ്ങളിലെ കണ്ണീര്‍ വാര്‍ന്നിട്ടില്ല. അതിനിടയിലാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് പണം ചിലവാക്കിയതുമായി ബന്ധപ്പെട്ട വിവാദം. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇതിലൂടെ പിണറായിയ്ക്കും ഇടത് സര്‍ക്കാരിനുമുണ്ടായിട്ടുള്ള ക്ഷീണം കനത്തതാണെന്ന് പറയാതെ വയ്യ.

പാര്‍ട്ടിയുടെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കേണ്ട ആവശ്യമില്ല. മാത്രമല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ തന്നെ പിടിപ്പതുണ്ട് അദ്ദേഹത്തിന്. ആ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെച്ചുകൊണ്ട് പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രധാനമായി കണ്ട് അവിടെ പങ്കെടുക്കുന്നതിനോട് സാമാന്യബുദ്ധിയുള്ള ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. അത് ഓഖി ദുരന്തം പഠിക്കാന്‍ വന്ന കേന്ദ്രസംഘത്തെ കാണുന്ന കാര്യത്തിലായാലും ശരി, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കാര്യത്തിലായാലും ശരി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ മന്ത്രിമാര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദേശം പിണറായി ഓര്‍ക്കുന്നുണ്ടാകണം. അത് മറ്റൊന്നുമായിരുന്നില്ല, മന്ത്രിമാര്‍ പരമാവധി സമയം തലസ്ഥാനത്തുണ്ടാകണമെന്നും ഔദ്യോഗിക ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നുമായിരുന്നു അത്‌. ഉദ്ഘാടനത്തിന്റെ പേരില്‍ കല്ലിടാനും നാട മുറിക്കാനും നടന്ന് സമയം കളയരുത് എന്നുതന്നെയായിരുന്നു അതിനര്‍ത്ഥം. അതുതന്നെയാണ് പാര്‍ട്ടി സമ്മേളനങ്ങളുടെ കാര്യത്തിലും. നേതാക്കള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കോടിയേരിയും ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയും തുടങ്ങി പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ തന്നെയുണ്ട് പാര്‍ട്ടി കാര്യങ്ങള്‍ നോക്കാന്‍. അവിടെ പിണറായിയുടെ ആവശ്യം പരമാവധി കുറയ്‌ക്കേണ്ടതായിരുന്നു. പ്രത്യേകിച്ചും ജില്ലാ സമ്മേളനങ്ങളില്‍. അവിടുത്തെ ജില്ലാതല നേതാക്കളും പാര്‍ലമെന്ററി രാഷ്ട്രീയത്തിലില്ലാത്ത മറ്റ് കേന്ദ്ര, സംസ്ഥാന നേതാക്കളും തന്നെ ധാരാളമാണ് അവിടെ. അല്ലാതെ ഒരു ജില്ലാ സമ്മേളന വേദിയില്‍ നിന്ന് മറ്റൊരു സമ്മേളന വേദിയിലേയ്ക്ക് പറന്നുനടക്കേണ്ട ആവശ്യം ‘മുഖ്യമന്ത്രി’ പിണറായി വിജയനില്ല. ഇവിടുത്തെ മന്ത്രിമാര്‍ കൂടുതല്‍ സമയവും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനാണ് സമയം കളയുന്നതെന്ന ഗവര്‍ണര്‍ പി.സദാശിവത്തിന്റെ പരാമര്‍ശം കൂടി ഇതിനോട് കൂട്ടിവായിക്കണം.
അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പ്രത്യേകിച്ചും പിണറായി വിജയനെപ്പോലെ ഇച്ഛാശക്തിയും സ്ഥിരപ്രജ്ഞയും വേണ്ടുവോളമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് പോലും ഇത്തരത്തില്‍ വീഴ്ച പറ്റുന്നതിന്റെ കാര്യമെന്താണ്? കമ്യൂണിസ്റ്റുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ബൂര്‍ഷ്വാ ജനാധിപത്യ’ത്തില്‍ അധികാരകേന്ദ്രങ്ങളാകുമ്പോള്‍ സംഭവിക്കുന്ന വീഴ്ച തന്നെയാണത്. കമ്യൂണിസ്റ്റുകാര്‍ അധികാരം കൈയാളുമ്പോള്‍ ബൂര്‍ഷ്വാ താല്പര്യങ്ങളുണ്ടാകുന്നതിന്റെ തുടര്‍ച്ചയായ ഉദാഹരണങ്ങളാണ് ഇതെല്ലാം. മന്ത്രി ശൈലജയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം നോക്കൂ. ഭര്‍ത്താവിന്റെ ചികിത്സാച്ചിലവ് റീം ഇംപേഴ്‌സ് ചെയ്തതുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ പണം ഉപയോഗിച്ച് കണ്ണട വാങ്ങിയതും മറ്റുമാണ് ആ വിവാദങ്ങളുടെ അടിസ്ഥാനം. ഇത്തരം കാര്യങ്ങളിലെല്ലാം എവിടെയാണ് വീഴ്ച പറ്റുന്നത്? അത് പാര്‍ലമെന്ററി സ്ഥാനമാനങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിയിലാകെ പാര്‍ലമെന്ററി വ്യാമോഹം പടര്‍ന്നുപിടിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ഒരുതരത്തിലുള്ള വിവാദങ്ങളിലും ചെന്നുചാടാന്‍ പാടില്ലാത്തവര്‍ തന്നെയാണ് കമ്യൂണിസ്റ്റുകാര്‍. അക്കാര്യത്തില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തേണ്ടവര്‍. എന്നാല്‍ ആ ‘ജാഗ്രതക്കുറവ്’ തുടര്‍ച്ചയായി കാണുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. അതുവഴി കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പൊതുസമൂഹത്തില്‍ അപഹാസ്യമാകുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലതാനും. അത് ആര് എത്ര തന്നെ നിഷേധിച്ചാലും ശരി.

ഇനി ഇപ്പോള്‍ ഇതെല്ലാം മാധ്യമസൃഷ്ടിയാണ്, ബോധപൂര്‍വമായ ഗൂഢാലോചനകളാണ് എന്നെല്ലാം പറഞ്ഞാലും കമ്യൂണിസ്റ്റുകാര്‍ എന്തിനാണ് അത്തരം സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുന്നതെന്ന ചോദ്യം ബാക്കിയാകുന്നു. നേതാക്കള്‍ പറയുന്ന ‘ബൂര്‍ഷ്വാ മാധ്യമങ്ങള്‍’ക്ക് എന്തിന് നിങ്ങള്‍ അവസരം കൊടുക്കുന്നു? ചെറിയ സാധ്യതകള്‍ പോലും അവര്‍ക്ക് മുന്നില്‍ തുറന്നിട്ടുകൊടുക്കുന്നത് നിങ്ങള്‍ തന്നെയല്ലെ? എന്തിനാണ് നിങ്ങള്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക്, അധികാരത്തിന് വശംവദരാകുന്നത്? എത്ര ശ്രദ്ധിച്ചാലും അധികാരത്തിന്റെ സുഖസുഷുപ്തി വിട്ടുപോകില്ല എന്ന് മനസിലാക്കാനുള്ള പാര്‍ട്ടി വിദ്യാഭ്യാസം നിങ്ങള്‍ക്കുണ്ടല്ലോ. അത്രത്തോളമെങ്കിലും നിങ്ങള്‍ കമ്യൂണിസ്റ്റുകാരല്ലെ? അത്തരത്തിലുണ്ടാകുന്ന നേരിയ അപഭ്രംശം പോലും നിങ്ങള്‍ക്ക് മേല്‍ ചെളി വാരിയെറിയാനുള്ള അവസരമാണെന്ന് എന്തുകൊണ്ട് നിങ്ങള്‍ തിരിച്ചറിയുന്നില്ല? അപ്പോള്‍ അതല്ല കാര്യം. അധികാരത്തിലെത്തുമ്പോള്‍ നിങ്ങള്‍ മറ്റെല്ലാം മറക്കുന്നു. മറ്റ് വലതുപക്ഷ-ബൂര്‍ഷ്വാ പാര്‍ട്ടികളുടെ നേതാക്കള്‍ അധികാരം കൈയ്യാളുന്നതുപോലെത്തന്നെ നിങ്ങളും അധികാരം ആസ്വദിക്കുന്നു എന്നതാണ് ഇതിലെ അപകടം.

അതുകൊണ്ടാണ് പിണറായി വിജയന്‍ ‘മുമ്പും ഇതൊക്കെ ഇവിടെ സംഭവിച്ചിട്ടുണ്ടല്ലോ’ എന്ന് ലാഘവബുദ്ധിയോടെ സംസാരിക്കുന്നത്. മുമ്പ് സംഭവിക്കുന്നതായിരിക്കരുത് കമ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍ നാട്ടില്‍ സംഭവിക്കേണ്ടത്. കോണ്‍ഗ്രസ് പോലൊരു ബൂര്‍ഷ്വാ പാര്‍ട്ടി ഭരിക്കുമ്പോള്‍, അതിന്റെ നേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സംഭവിച്ചതായിരിക്കരുത് പിണറായി എന്ന കമ്യൂണിസ്റ്റ് നേതാവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരും നാട് ‘ഭരിക്കുമ്പോള്‍’ സംഭവിക്കേണ്ടത്. അതുകൊണ്ട് മിസ്റ്റര്‍ പിണറായി അങ്ങയുടെ ന്യായീകരണം ദയനീയമായിപ്പോയി എന്ന് പറയാതെ വയ്യ. മറ്റുള്ളവര്‍ ചെയ്തത് ചൂണ്ടിക്കാണിച്ച് രക്ഷപ്പെടാന്‍ നോക്കുന്ന ‘വലിപ്പം’ മാത്രമെ അങ്ങേയ്ക്കുള്ളോ? അതോ ഏതെങ്കിലുമൊരു ഉപദേഷ്ടാവ് ഇക്കാര്യം ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയി, അതുകൊണ്ടാണ് എനിക്ക് ഈ വീഴ്ച പറ്റിയതെന്നാണോ അങ്ങയുടെ ഉള്ളില്‍. ഒരു ഉപദേഷ്ടാവിനും സ്വാധീനിക്കാന്‍ കഴിയാത്ത, ഒരു വലയത്തിനുള്ളിലും നിന്നുകൊടുക്കാത്ത, ഒരു പാടിപ്പുകഴ്ത്തലിനും ചെവികൊടുക്കാത്ത, അങ്ങയുടെ തന്നെ വാക്കുകളില്‍ ‘ഇന്ദ്രനും ചന്ദ്രനും’ തൊടാന്‍ കഴിയാത്ത, ഉജ്ജ്വലമായ പാരമ്പര്യമുള്ള ഒരു നേതാവല്ലെ താങ്കള്‍. അങ്ങിനെയുള്ള നിങ്ങള്‍ക്ക് ഇത്രയും ദുര്‍ബലമായ ന്യായീകരണങ്ങള്‍ ചേരില്ല മിസ്റ്റര്‍ പിണറായി. അത് ലക്ഷക്കണക്കിന് വരുന്ന കമ്യൂണിസ്റ്റുകാരെ, ഇടതുപക്ഷ അനുഭാവികളെ നിരാശപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. ചുരുങ്ങിയത് അവര്‍ക്കുള്ളില്ലെങ്കിലും നിങ്ങള്‍ക്ക് മാനംമുട്ടെ വലിപ്പമുണ്ടെന്ന കാര്യം അങ്ങ് മറക്കരുത്.