ഭീകരരെ രക്തസാക്ഷികളെന്നും സഹോദരങ്ങളെന്നും വിശേഷിപ്പിച്ച് പിഡിപി എം.എല്‍.എ

0
50

ജമ്മു: കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരെ ‘സഹോദരങ്ങളും രക്തസാക്ഷികളു’മെന്ന് വിശേഷിപ്പിച്ച ജമ്മു കശ്മീര്‍ എംഎല്‍എ വിവാദ കുരുക്കില്‍. ജമ്മു കശ്മീരിലെ ബിജെപി യുടെ സഖ്യകക്ഷിയായ പിഡിപി എം.എല്‍.എ അയ്ജാസ് അഹമ്മദ് മിര്‍ ആണ് വിവാദക്കുരുക്കില്‍പ്പെട്ടിരിക്കുന്നത്. ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളുമായ’ ഇവരുടെ (ഭീകരരുടെ) മരണത്തില്‍ സന്തോഷിക്കുകയോ അത് ആഘോഷിക്കുകയോ ചെയ്യരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

അയ്ജാസ് അഹമ്മദ് മിര്‍ കഴിഞ്ഞ ദിവസം നിയമസഭയിലും ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നു. ‘ഭീകരരും ജമ്മു കശ്മീരില്‍നിന്നുള്ളവരാണ്. അവര്‍ നമ്മുടെ മക്കളാണ്. അവരുടെ മരണം നാം ആഘോഷിക്കരുത്’ – കശ്മീരിലെ ഷോപ്പിയാനിലുള്ള വാച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അയ്ജാസ് പറഞ്ഞു.

ഭീരകരരെ ‘നമ്മുടെ സഹോദരങ്ങളും രക്തസാക്ഷികളു’മായി നിയമസഭയില്‍ വിശേഷിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഇതേ അഭിപ്രായം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി കാക്കുന്ന സൈനികരോടും ജോലിക്കിടെ ജീവന്‍ വെടിഞ്ഞ സൈനികരോടും കുടുംബങ്ങളോടും തനിക്കു സഹതാപമുണ്ടെന്നും അയ്ജാസ് പറഞ്ഞു.

മൂന്നു മാസം മുന്‍പ് ഇദ്ദേഹത്തിന്റെ വീടിനുനേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിരുന്നില്ല. ഈ ആക്രമണത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, കാഴ്ചപ്പാടുകളിലുള്ള വ്യത്യാസം കൊണ്ടാകാം അതെന്നായിരുന്നു എംഎല്‍എയുടെ മറുപടി.