മത്സരയോട്ടത്തിനിടെ ബൈക്ക് ബസില്‍ ഇടിച്ചുകയറി യുവാവ് മരിച്ചു

0
46


തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനങ്ങളുടെ മത്സരയോട്ടവും അപകടങ്ങളും തുടര്‍ക്കഥയാകുന്നു. വെള്ളയമ്പലം ജങ്ഷനില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ബസില്‍ ഇടിച്ചുകയറി ഒരു യുവാവ് മരിച്ചു. ഇന്നലെ രാത്രി 10.30 ഓടെയാണ് അപകടം. കോഴിക്കോട് സ്വദേശി അജ്മല്‍ (27) ആണ് മരിച്ചത്.

രണ്ട് ബൈക്കുകളാണ് വഴുതക്കാട് ഭാഗത്തുനിന്ന് വെള്ളയമ്പലം ജങ്ഷനിലേക്ക് മത്സരയോട്ടം നടത്തിയത്. ഇതില്‍ ഒരു ബൈക്ക് നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ മധ്യഭാഗത്തേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ബൈക്കോടിച്ചിരുന്ന അജ്മലിന് ഗുരതരമായി പരിക്കേറ്റിരുന്നു. ഇയാളെ ചിലര്‍ മറ്റൊരുവാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരിച്ചു.

അതേസമയം, മ്യൂസിയം പൊലീസും കണ്‍ട്രോള്‍റൂം വാഹനവും അപകടവിവരമറിഞ്ഞ് സ്ഥലത്ത് എത്തിയപ്പോഴേക്കും ബൈക്ക് യാത്രികരും ഒപ്പമുണ്ടായിരുന്നവരും സ്ഥലത്ത് നിന്നും മാറിയിരുന്നു. അപകടത്തില്‍പ്പെട്ട ബൈക്കിന് പുറമേ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് സമാനമായ രീതിയില്‍ രണ്ട് ആഡംബര കാറുകള്‍ മത്സരയോട്ടം നടത്തിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. നവംബര്‍ 16ന് രാത്രി 11 മണിയോടെ രാജ്ഭവന് സമീപത്തായാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ കാറുകളില്‍ ഒന്ന് നിയന്ത്രണം വിട്ട് വെള്ളയമ്പലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചുമറിക്കുകയും ഇതിനുശേഷം റോഡരികിലെ ഇലക്ട്രിക് പോസ്റ്റും തകര്‍ത്ത് സമീപത്തെ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ആദര്‍ശ് (24) മരിക്കുകയും ചെയ്തു. സമീപത്തെ സിസിടിവിയില്‍ നിന്ന് മത്സലയോട്ടത്തിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു.