മുഖ്യമന്ത്രിയുടെ ആകാശയാത്ര സംശയാസ്പദമല്ല ; കരുണാകരന്‍ പേരക്കുട്ടിയുടെ ചോറൂണിന് ഉപയോഗിച്ചത് നേവി വിമാനം: കെ.ഗോവിന്ദന്‍കുട്ടി

0
90

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ.ഗോവിന്ദന്‍കുട്ടി 24 കേരളയോടു പറഞ്ഞു.

മുഖ്യമന്ത്രി എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി തന്നെയാണ്. മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം. ഏത് മുഖ്യമന്ത്രിയും 24 മണിക്കൂറും സംസ്ഥാനത്തിന് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്.

പക്ഷേ പാര്‍ട്ടിയാണ് മുഖ്യമന്ത്രിമാരെ സൃഷ്ടിക്കുന്നത്. പാര്‍ട്ടി വഴിയാണ് സര്‍ക്കാര്‍ ഉണ്ടാകുന്നത്. അത് മറക്കരുത്. അതുകൊണ്ട് തന്നെ ആകാശയാത്ര വിവാദമാക്കേണ്ടതില്ല.

മുഖ്യമന്ത്രി ഒരു പാതകവും ചെയ്തിട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യേണ്ടി വരും. പാര്‍ട്ടി സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് പങ്കെടുക്കേണ്ടിയും വരും. അതിനു യാത്രകളും വേണ്ടിവരും. അപ്പോള്‍ അതിനു ഹെലികോപ്റ്റര്‍ ഉപയോഗിച്ചാലും അതില്‍ തെറ്റ് കാണാന്‍ കഴിയില്ല – ഗോവിന്ദന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. പാര്‍ട്ടിയും സര്‍ക്കാരും രണ്ടും രണ്ടാണ്. പക്ഷെ മുഖ്യമന്ത്രിമാരെ സൃഷ്ടിക്കുന്നത് പാര്‍ട്ടിയാണ് എന്ന കാര്യം മറക്കാന്‍ കഴിയില്ല. അപ്പോള്‍ യാത്ര വേണ്ടിവരും. ഏത് അക്കൗണ്ടില്‍ നിന്നാണ് പണം എടുക്കുന്നത് എന്ന് മുഖ്യമന്ത്രി നോക്കേണ്ട കാര്യമില്ല.

അത് മുഖ്യമന്ത്രിയല്ല ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. ഏത് ഫണ്ടില്‍ നിന്നാണ് പണം പോകുന്നത് എന്നും മുഖ്യമന്ത്രി ചോദിക്കേണ്ട ആവശ്യവുമില്ല. പേരക്കുട്ടിയുടെ ചോറൂണില്‍ പങ്കെടുക്കാന്‍ നേവിയുടെ വിമാനം ഉപയോഗപ്പെടുത്തിയ മുഖ്യമന്ത്രിമാരുള്ള നാടാണ് കേരളം.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയാസ്പദമായ ഒരു കാര്യത്തിനും വേണ്ടിയല്ല ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പാര്‍ട്ടി പരിപാടി ഡല്‍ഹിയില്‍ നടക്കുന്നു.

അദ്ദേഹം ഡല്‍ഹിക്ക് പോകുന്നു. അതിനിടയിലാണ്‌ പേരക്കുട്ടിയുടെ ചോറൂണ്. മുഖ്യമന്ത്രി കെ.കരുണാകരന്‍ ഉപയോഗപ്പെടുത്തിയത് നേവിയുടെ വിമാനമാണ്. കരുണാകരന്റെ യാത്രയും അന്ന് ഇതുപോലെ വിവാദമായിരുന്നു.

യാത്ര വിവാദമായത് നേവിയുടെ വിമാനം ഉപയോഗിച്ചത് കൊണ്ടല്ല. പാവം പയ്യന്‍ എന്ന് പിന്നീട് പേരുവീണ മാളക്കാരന്‍ ആന്റോ കയറിയതിനാണ്. വിമാനത്താവളത്തില്‍ എത്തിയ ആന്റോ കരുണാകരന്റെ ഒപ്പം വിമാനത്തില്‍ കോഴിക്കോട്ടേയ്ക്ക്‌ യാത്ര തിരിക്കുകയായിരുന്നു. അത് വിവാദമായി.

ആന്റോ ആര് എന്ന് ചോദ്യം ഉയര്‍ന്നു. എങ്ങിനെ ആന്റോയെ കയറ്റും എന്ന ചോദ്യം ഉയര്‍ന്നു. കരുണാകരന്റെ വിവാദ യാത്രയും പാര്‍ട്ടി യോഗവുമായി ബന്ധപ്പെട്ടായിരുന്നു-ഗോവിന്ദന്‍കുട്ടി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്ക്ക് ചിലവായ പണം പാര്‍ട്ടി നല്‍കുമെന്ന് പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം തിരുത്തി. പാര്‍ട്ടി ഫണ്ടില്‍ നിന്നും പണം നല്‍കേണ്ടതില്ല എന്നാണു സിപിഎം തീരുമാനം.

യാത്രയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു അപാകതയും വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്ര സര്‍ക്കാര്‍ കാര്യമാണ്. ഈ വിലയിരുത്തലിലാണ് സിപിഎമ്മും നീങ്ങുന്നത്. മുഖ്യമന്ത്രി ഒരു തെറ്റായ കാര്യവും ചെയ്തിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പക്ഷെ ഓഖി ഫണ്ട് വിവാദത്തില്‍ പ്രതിപക്ഷം യുദ്ധസജ്ജമായി നിലകൊള്ളുന്നുണ്ട്. ഓഖി ഫണ്ട് ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒരു രാഷ്ട്രീയ വിവാദമാക്കി മാറ്റാനാണ് പ്രതിപക്ഷ തീരുമാനം.