ലാലുവിനെ സഹായിക്കാനായി ജയിലില്‍ കടന്നുകൂടിയ രണ്ട് അനുയായികള്‍ക്കും ജാമ്യം അനുവദിച്ചു

0
30

റാഞ്ചി: കാലിത്തീറ്റ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ പരിചരിക്കാന്‍ ജയിലില്‍ കടന്നുകൂടിയ രണ്ട് അനുയായികള്‍ക്കും ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരായ കേസ് വ്യാജമാണെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
ലക്ഷ്മണ്‍ മാഹാതോ, മദന്‍ യാദവ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും എതിരെ പരാതി നല്‍കിയ സുമിത് യാദവ്, മദന്‍ യാദവിന്റെ ബന്ധുവാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ ഇതിനു മുമ്പും ഇത്തരത്തില്‍ ലാലുവിനെ പരിചരിക്കാന്‍ ജയിലില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലുവിന്റെ ജയില്‍വാസം മുന്‍കൂട്ടിക്കണ്ട് ആര്‍.ജെ.ഡി. ഇവരെ ജയിലിലേക്കയക്കുകയായിരുന്നെന്ന് രാഷ്ട്രീയ എതിരാളികളായ ജെ.ഡി.യു. ആരോപിച്ചിരുന്നു. ഇവരിലൊരാളാണ് ജയിലില്‍ ലാലുവിന് ഭക്ഷണം തയ്യാറാക്കുന്നതെന്നും മറ്റേയാള്‍ക്കാണ് പരിചരണച്ചുമതലയെന്നുമാണ് ആരോപണം. എന്നാല്‍ അനുയായികള്‍ ജയിലിലായത് വെറും യാദൃച്ഛികം എന്നാണ് ആര്‍.ജെ.ഡി.യുടെ വിശദീകരണം.