ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്; പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ

0
68

ഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ് അയച്ചു. സിബിഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്. കുറ്റവിമുക്തരാക്കിയ മറ്റ് രണ്ട് പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഇന്നലെ പരിഗണിച്ചിരുന്നെങ്കിലും അഭിഭാഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിയിരുന്നു.മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ പിണറായി വിജയന് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ട്. അന്നത്തെ വൈദ്യുതി മന്ത്രി ആയിരുന്ന പിണറായി വിജയന്‍ അറിയാതെ ലാവലിന്‍ ഇടപാട് നടക്കില്ല. അദ്ദേഹത്തെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിചാരണയെ ബാധിക്കും എന്നും സിബിഐ പറയുന്നു. ഈ സാഹചര്യത്തില്‍ ഇടക്കാല നടപടിയായി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനിയര്‍ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ തന്നെ ഇന്നത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരനും അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുക.