ലോക പ്രസിദ്ധ അധോലോക നായകന്റെ ഫണ്ട് ഉപയോഗം: ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

0
1043

തിരുവനന്തപുരം: സ്വര്‍ണ്ണ വ്യാപാര രംഗത്തെ പ്രമുഖരായ ജോയ് ആലുക്കാസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ഷോറൂമുകളിലാണ് റെയ്ഡ് നടക്കുന്നത്.

കുപ്രസിദ്ധ അധോലോകനായകന്റെ ഫണ്ടാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ ഉണ്ടെന്നുമുള്ള കൃത്യമായ വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. റെയ്ഡിനെ തുടര്‍ന്ന് ജോയ് ആലുക്കാസിന്റെ സഹോദര സ്ഥാപനമായ ജോളി സില്‍ക്ക്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് ചെന്നൈയിലുള്ള ഷോറൂമുകളിലും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഷട്ടറുകള്‍ അടച്ചിട്ട് ആളുകളെ എല്ലാം പുറത്തിറക്കിയ ശേഷമാണ് പരിശോധനകള്‍. ജീവനക്കാര്‍ ഉള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ടവരെ എല്ലാം ഷോറൂമുകളില്‍നിന്ന് പുറത്തിറക്കിയിരുന്നു.

കൂടാതെ നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയവയ്ക്ക് ശേഷം പരസ്യങ്ങള്‍ നല്‍കുന്നതും ജോയ് ആലുക്കാസ് നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷം വീണ്ടും പരസ്യം നല്‍കി തുടങ്ങുകയും ചെയ്തിരുന്നു. നോട്ടുനിരോധനത്തിന് ശേഷം 5.7 ടണ്‍ സ്വര്‍ണം 1500 കോടി രൂപയ്ക്ക് വിറ്റഴിച്ചെന്ന ആരോപണത്തില്‍ ജോയ് ആലുക്കാസ് ഷോറുമുകള്‍ വിവാദത്തിലായിരുന്നു. 11 രാജ്യങ്ങളിലായി നൂറു കണക്കിന് ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.

അതേസമയം പ്രമുഖ മാധ്യമങ്ങളെല്ലാം റെയ്ഡ് വാര്‍ത്ത തമസ്്കരിച്ചിരുന്നു. വാര്‍ത്ത ചാനലുകളും പത്രങ്ങളുമെല്ലാം വാര്‍ത്ത ഒഴിവാക്കുകയാണ് ചെയ്തത്. ഇതിനെതിരെ അഡ്വ. ജയശങ്കര്‍ ഇന്ന് രംഗത്തുവന്നിരുന്നു. ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട റെയ്ഡ് കേരളത്തില്‍ ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും അതിനു കാരണം ആ വാര്‍ത്ത ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് തന്നെയാണെന്നും ജയശങ്കര്‍ വ്യക്തമാക്കുന്നു.

ആലുക്കാസിനോടു മാത്രമല്ല, കല്യാണ്‍ ജ്വല്ലറിയോടും മലബാര്‍ ഗോള്‍ഡിനോടും ഇതേ ബഹുമാനമുണ്ടെന്നും പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണെന്നും ജയശങ്കര്‍ പറയുന്നു.

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

ഭരണകൂട ഭീകരത!

രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിൻ്റെ 130 ഷോറൂമുകളിലും കോർപറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.

നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെളളിയും സ്വർണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാർ ഈ അതിക്രമം ചെയ്തത്.

ആദായനികുതി റെയ്ഡിൻ്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടർന്നു, വാർത്ത തമസ്കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.

ആലുക്കാസിനോടു മാത്രമല്ല, കല്യാൺ ജ്വല്ലറിയോടും മലബാർ ഗോൾഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിൻ്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.

ഇവിടെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.