വിനോദ സഞ്ചാരികള്‍ക്ക് യാത്രാ നിയന്ത്രണവുമായി യുഎസ്‌

0
49

വാഷിങ്ടന്‍: സ്വന്തം പൗരന്‍മാരായ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ നിയന്ത്രണം ശുപാര്‍ശ ചെയ്ത് യുഎസ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു വരുന്ന പൗരന്മാര്‍മാര്‍ക്കാണ് യുഎസ് യാത്രാ നിയന്ത്രണം ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനിലേക്കുള്ള സഞ്ചാരികള്‍ക്ക് ലെവല്‍ 3 മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോകരാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ച് പൗരന്മാര്‍ക്കു വ്യക്തമായ ചിത്രം നല്‍കുകയാണ് ഇത്തരം മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ആഭ്യന്തരവിഭാഗം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച യുഎസ് ആഭ്യന്തരവിഭാഗം ഇവിടെ ഭീകരവാദവും കുറ്റകൃത്യവും കൂടുതലാണെന്നു പറയുന്നു. പാക്കിസ്ഥാനുമായി സംഘര്‍ഷവും വെടിവയ്പ്പും തുടരുന്ന ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും സഞ്ചാരികള്‍ക്കു മുന്നറിയിപ്പുണ്ട്. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ തുടങ്ങിയവിടങ്ങളിലേക്കു യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രധാന കുറ്റകൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മാനഭംഗമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഗതാഗത മേഖലകള്‍,മാര്‍ക്കറ്റ്/ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പോടെയും അല്ലാതെയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പാക്കിസ്ഥാനിലേക്ക് യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം. എന്തെങ്കിലും അടിയന്തര സാഹചര്യം മൂലം പാക്കിസ്ഥാനില്‍ എത്തിയാല്‍ ബലൂചിസ്ഥാന്‍, ഖൈബര്‍ പക്തൂണ്‍ഖ്വ (കെപികെ), ആദിവാസി മേഖല (എഫ്എടിഎ) എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യരുതെന്നും യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശമുണ്ട്. പാക്ക് അധിനിവേശ കശ്മീരിലേക്കുള്ള യാത്രയ്ക്കും വിലക്കുണ്ട്.