വീണ്ടും ഒരു വിവാദം കൂടി: മുഖ്യമന്ത്രിക്ക് ഇത് തിരിച്ചടികളുടെ കാലം

0
158

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഓഖി ഫണ്ട് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്ന വിവാദം കൂടി വന്നതോടെ
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധത്തില്‍. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ പതിവായി പങ്കെടുത്ത് ആ രീതിയിലുള്ള വിവാദങ്ങളില്‍ അകപ്പെട്ട മുഖ്യമന്ത്രി നിനച്ചിരിക്കാതെയാണ് ഓഖി ഫണ്ട് വിവാദത്തില്‍ അകപ്പെടുന്നത്.

ഓഖി പോലുള്ള ദുരന്തങ്ങള്‍ നിവാരണം ചെയ്യുന്നതിനുള്ള ഫണ്ട് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഉപയോഗപ്പെടുത്തി എന്ന വിവാദത്തെത്തുടര്‍ന്ന് കടുത്ത വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയ്ക്ക് നേരെയുണ്ടായത്.
മുഖ്യമന്ത്രി ഭരണത്തില്‍ ശ്രദ്ധിക്കാതെ പാര്‍ട്ടി നടപടികളില്‍ വ്യാപൃതനാകുന്നു എന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്ന്‌ സിപിഎം മുന്‍കൂട്ടി  കണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി ഓഖി ഫണ്ട് വിവാദവും പാര്‍ട്ടി സമ്മേളനവും തമ്മില്‍ കൂടിക്കുഴയുന്നത്.

മുഖ്യമന്ത്രി ആണെങ്കിലും പാര്‍ട്ടിയുടെ നിയന്ത്രണവും പിണറായി വിജയന്‍ കയ്യാളുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി നിര്‍ബന്ധമല്ലാതിരുന്നിട്ടു കൂടി എല്ലാ സിപിഎം ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യം ദൃശ്യമാകുന്നത്. ഇത് സിപിഎം രാഷ്ട്രീയത്തിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്.

പാര്‍ട്ടിയുടെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആണെങ്കിലും പാര്‍ട്ടി കടിഞ്ഞാണ്‍ തന്റെ കയ്യില്‍ കൂടി ഉണ്ടായിരിക്കണം എന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടെന്നു സിപിഎം വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇത് ലക്ഷ്യം വെച്ചുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഓഖി വിവാദത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുടുക്കിയിട്ടത് എന്നും സിപിഎം വൃത്തങ്ങളില്‍ നിന്ന് തന്നെ കുറ്റപ്പെടുത്തലുമുണ്ട്.

ഒരുമിച്ച് തന്നെ നീങ്ങുകയാണെങ്കിലും പല കാര്യങ്ങളിലും പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്. കോടിയേരിയുടെ തറവാട്ടു വീട്ടില്‍ നടന്ന പൂജ ശത്രുസംഹാര പൂജയാണെന്നും അത് പാര്‍ട്ടിയിലെ എതിരാളികളെ ലക്ഷ്യം വെച്ചാണെന്നും  വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും തറവാട് വീട്ടില്‍ നടന്ന പൂജയെക്കുറിച്ച് കോടിയേരി പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിരുന്നില്ല.

ലാവ് ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ സിബിഐ നല്‍കിയ അപ്പീല്‍ ഇന്നു സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കുന്ന വേളയില്‍ തന്നെയാണ് മുഖ്യമന്ത്രിയുടെ ആകാശയാത്രയും വിവാദത്തിലായിരിക്കുന്നത്. ഓഖി ഫണ്ടിലെ പണം മുഖ്യമന്ത്രിയുടെ ആകാശ യാത്രയ്ക്ക് വക മാറ്റിയത് മറ്റൊരു രീതിയില്‍ തന്നെ സര്‍ക്കാരിനെ ബാധിക്കുകയാണ്.

ദുരിതാശ്വാസ ഫണ്ടിന് സര്‍ക്കാര്‍ ആഹ്വാനം നടത്തുമ്പോള്‍ ജനങ്ങള്‍ ആ രീതിയില്‍ ഇനി പ്രതികരിക്കില്ല. ദുരിതാശ്വാസത്തിനു നല്‍കിയ പണം വകമാറി ചെലവിടും എന്നും ഈ തുക ദുരിതത്തില്‍ അകപ്പെട്ട ജനങ്ങളുടെ കയ്യില്‍ എത്തിപ്പെടില്ലെന്നുമുള്ള വിശ്വാസം ജനങ്ങളില്‍ രൂഡമൂലമാകാന്‍ സര്‍ക്കാര്‍ നടപടി വഴിവെച്ചു. മുസ്ലിം ലീഗ് തന്നെ ഓഖി ഫണ്ടിലേക്ക് പിരിച്ച തുക സര്‍ക്കാരിനു നല്‍കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഓഖി ദുരിതബാധിതരുടെ കയ്യില്‍ നേരിട്ട് എത്തിക്കാനാണ് ലീഗ് തീരുമാനം. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനുള്ള വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുന്നതിനാണ്‌ മുഖ്യമന്ത്രിയുടെ യാത്രാവിവാദം വഴിവെച്ചത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ നടപടി അധാര്‍മികമാണെന്ന്‌ ജനങ്ങള്‍ വിലയിരുത്തുന്ന അവസ്ഥ വന്നു.

പക്ഷെ യുഡിഎഫിന് ഈ കാര്യത്തില്‍ ഇടത് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ധാര്‍മിക അവകാശമില്ല. കാരണം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സുനാമി ഫണ്ട് വക മാറ്റിയതിനു പഴി കേട്ട സര്‍ക്കാരാണ്. വിവിധ ആവശ്യങ്ങള്‍ക്ക് സുനാമി ഫണ്ട് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിരന്തരം വകമാറ്റിയപ്പോള്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി പാലായില്‍ സ്റ്റേഡിയം പണിയാന്‍ കൂടി ഉപയോഗിച്ചത് സുനാമി ഫണ്ടായിരുന്നെന്നു പിന്നീട് വെളിപ്പെട്ടു. ഈ കാര്യം വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

പാലക്കാട് റോഡ്‌ ഉണ്ടാക്കാനും ഉപയോഗിച്ചത് സുനാമി ഫണ്ടായിരുന്നു. സുനാമി  ഫണ്ട് സുനാമി ബാധിതരില്‍ എത്തിയതുമില്ല. ദുരിതാശ്വാസ ഫണ്ടുകള്‍ വകമാറ്റി ചെലവിടാന്‍ പാടുണ്ടോ എന്ന ചോദ്യം ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. കാരണം ജനങ്ങള്‍ക്ക് ദുരിതാശ്വാസഫണ്ടുകളില്‍ ഉള്ള വിശ്വാസം നഷ്ടമാകാന്‍ സര്‍ക്കാര്‍ നടപടി വഴിവെച്ചിട്ടുണ്ട്.

വിവാദങ്ങള്‍ അകമ്പടി സേവിക്കുമ്പോള്‍ തന്നെയാണ് മുഖ്യമന്ത്രിക്കെതിരായ ലാവ് ലിന്‍ കേസ് കൂടി സുപ്രീം കോടതി പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വരുംനാളുകളില്‍ സൂക്ഷിച്ച് മുന്നേറേണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രി.