വീരേന്ദ്രകുമാര്‍ യുഡിഎഫിനെ വഞ്ചിച്ചു; അധികാരം വേണം, സ്വന്തം  കാര്യം നടക്കണം, ഇതുമാത്രമാണ് അജണ്ട: പി.പി.തങ്കച്ചന്‍

0
53

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ജെഡിയു യുഡിഎഫ് വിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ ആവശ്യപ്പെട്ടു. ജെഡിയുവിന്റെ അന്തിമ തീരുമാനം വരുന്നത് വരെ യുഡിഎഫ് കാക്കും. അതിനു ശേഷം പ്രതികരിക്കും-24 കേരളയോടു പറഞ്ഞു.

യുഡിഎഫ് ഭാഗത്ത് നിന്നും ഒരു അവഗണനയും ജെഡിയുവിനു അനുഭവിക്കേണ്ടി വന്നിട്ടില്ല. വളരെ മാന്യമായ രീതിയിലാണ് യുഡിഎഫ് ജെഡിയുവിനെ പരിഗണിച്ചത്. സ്ഥാനമാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഒരു പിശുക്കും ജെഡിയുവിനോട്‌ യുഡിഎഫ് കാണിച്ചിട്ടില്ല. പാലക്കാട് യുഡിഎഫ് ലോക്സഭാ സീറ്റ് നല്‍കിയെങ്കിലും വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടു.

അതില്‍ വീരേന്ദ്രകുമാറിന് മനോവിഷമം ഉണ്ടായിരുന്നു. ഒരു രാജ്യസഭാ സീറ്റ് വന്നപ്പോള്‍ ഒരു മടിയും കൂടാതെ ഞങ്ങള്‍ അത് വീരേന്ദ്രകുമാറിന് നല്‍കി. കോണ്‍ഗ്രസില്‍ ആ രാജ്യസഭാ സീറ്റിനു അര്‍ഹരായ ഒട്ടേറെ നേതാക്കള്‍ ഉണ്ടായിരിക്കെയാണ് ഒന്നും കണക്കിലെടുക്കാതെ വീരേന്ദ്രകുമാറിന് ഞങ്ങള്‍ ആ രാജ്യസഭാ സീറ്റ് നല്‍കിയത്.

യുഡിഎഫ് വോട്ടുകള്‍ മാത്രം കൊണ്ടാണ് വീരേന്ദ്രകുമാറിന് ആ രാജ്യസഭാ സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞത്. അന്ന് ഇടതു നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരും വീരേന്ദ്രകുമാറിന് എതിരായിരുന്നു. അവരെല്ലാം എതിര്‍ത്ത് വോട്ടു ചെയ്തു. ഇപ്പോഴും ജെഡിയുവിനോടുള്ള മനോഭാവത്തിനു ഒരു മാറ്റവും ഞങ്ങള്‍ വരുത്തിയിട്ടില്ല. മാറിയത് വീരേന്ദ്രകുമാര്‍ മാത്രമാണ് – തങ്കച്ചന്‍ പറഞ്ഞു.

മുന്‍പ് വീരേന്ദ്രകുമാറും ജെഡിയുവും രാഷ്ട്രീയ പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ രണ്ടു കയ്യും നീട്ടിയാണ് യുഡിഎഫ് സ്വീകരിച്ചത്. ആ മനോഭാവം യുഡിഎഫ് ഇപ്പോഴും പുലര്‍ത്തുന്നുണ്ട്. അധികാരത്തിന്റെ ഭാഗത്ത് നില്‍ക്കണം. വ്യക്തിപരമായ ഒരു പാട് കാര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ഇതാണ് വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തിന്റെ കാരണം.

ഒരു രാജ്യസഭാ സീറ്റും സ്ഥാനമാനങ്ങളും വാരിക്കോരി നല്‍കിയിട്ടുപോലും വീരേന്ദ്രകുമാര്‍ യുഡിഎഫിനെ വഞ്ചിച്ചു. യുഡിഎഫ് വിടുക എന്ന് പറഞ്ഞാല്‍ അത് വഞ്ചന തന്നെയാണ്. യുഡിഎഫ് പ്രതീക്ഷിക്കാത്ത നീക്കമാണ് ഇപ്പോള്‍ ജെഡിയുവിന്റെ ഭാഗത്ത് നിന്നും വന്നത്. കഴിഞ്ഞ ദിവസം പോലും വര്‍ഗീസ്‌ ജോര്‍ജും മനയത്ത് ചന്ദ്രനും കെ.പി.മോഹനനും പറഞ്ഞത് ഒരു കാരണവശാലും യുഡിഎഫ് വിട്ടു പോകില്ല എന്നാണ്.

കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരുമോ എന്ന ചോദ്യത്തിനു മാണിയെ ഞങ്ങള്‍ പറഞ്ഞു വിട്ടതല്ല എന്നാണു തങ്കച്ചന്‍ പ്രതികരിച്ചത്. കെ.എം.മാണി യുഡിഎഫില്‍ നിന്നും സ്വയം പോയതാണ്. ആ വാതില്‍ അതുകൊണ്ട് തന്നെ തുറന്നു കിടക്കുകയാണ്. അദ്ദേഹത്തിനും കേരളാ കോണ്‍ഗ്രസിനും എപ്പോള്‍ വേണമെങ്കിലും മടങ്ങി വരാം-തങ്കച്ചന്‍ പറഞ്ഞു.

ഇന്നു കൂടിയ ജെഡിയു നേതൃയോഗത്തിലാണ് യുഡിഎഫ് വിടാനുള്ള തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. 14 ജില്ലാ പ്രസിഡന്റുമാരും യുഡിഎഫ് വിടാനുള്ള തീരുമാനത്തെ അനുകൂലിച്ചതോടെയാണ് ജെഡിയു യുഡിഎഫ് വിടും എന്ന കാര്യം ഉറപ്പായത്.

നാളെ കൂടുന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കപ്പെടും എന്നാണ് നിലവിലെ സൂചന. യുഡിഎഫ് വിടാനുള്ള തീരുമാനത്തെ ഇതുവരെ പ്രതിരോധിച്ച് നിര്‍ത്തിയിരുന്ന കെ.പി.മോഹനനും മനയത്ത് ചന്ദ്രനും പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു.