ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

0
67

പത്തനംതിട്ട: പന്തളത്തുനിന്നും ശബരിമലയിലേക്കുള്ള
തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ അടങ്ങിയ പേടകം 22 അംഗസംഘം തലയിലേറ്റിയാണ് സന്നിധാനത്ത് എത്തിക്കുക.
പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങള്‍ വെള്ളിയാഴ്ച പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റും. ഉച്ചയ്ക്ക് ഒരു മണിയോടെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം തിരുവാഭരണപേടകം തലയിലേറ്റി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ച് സന്നിധാനത്തേക്ക് യാത്ര തിരിക്കും. പന്തളം രാജപ്രതിനിധിയും പരമ്പരാഗത രീതിയില്‍ പല്ലക്കില്‍ ഒപ്പുണ്ടാവും. തിരുവാഭരണ ഘോഷയാത്ര കുളനട, ഉള്ളന്നൂര്‍, ആറന്‍മുള വഴി രാത്രി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. ശനിയാഴ്ച പുലര്‍ച്ചെ അയിരൂരില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര വടശ്ശേരിക്കര പെരുനാട് വഴി ളാഹയിലെത്തി വിശ്രമിക്കും.
മകരവിളക്ക് ദിവസമായ ജനവരി 14 ന് വൈകിട്ട് ആറ് മണിയോടെ നീലിമല വഴി ശരംകുത്തിയിലെത്തുന്ന ലോഷയാത്രയ്ക്ക് സ്വീകരണം നല്‍കി സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധനയ്ക്ക് നട തുറക്കും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി പ്രത്യക്ഷമാവും. 20 ന് രാവിലെ ശബരിമല നട അടയ്ക്കും. പിന്നിട് മൂന്നാം നാള്‍ കാല്‍നടയായി തന്നെ പരമ്പരാഗത വഴിയിലൂടെ തിരുവാഭരന്ന ഘോഷയാത്ര പന്തളത്ത് തിരിച്ചെത്തും