സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും; മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാവിവാദം ചര്‍ച്ചയാകും

0
56

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രാവിവാദം ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യാത്രയ്ക്ക് ചെലവായ തുക പാര്‍ട്ടി നല്‍കുന്ന കാര്യത്തിലും ഇന്ന് തീരുമാനം എടുക്കും. ഹെലികോപ്ടര്‍ യാത്രാവിവാദത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും കുടുങ്ങി നില്‍ക്കുന്ന സാഹചര്യത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ പണം നല്‍കി സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കുന്നതില്‍ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കാനാണ് സാധ്യത.

വിവാദം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാനുള്ള വഴികളും യോഗം ചര്‍ച്ച ചെയ്യും. റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെതെന്നാണ് സിപിഐഎമ്മിന്റെ പൊതു നിലപാട്. ഇക്കാര്യത്തില്‍ റവന്യൂ സെക്രട്ടറിയുടെ വിശദീകരണം കോടിയേരിയും മുഖ്യമന്ത്രിയും യോഗത്തെ അറിയിക്കും. സിപിഐ കലക്കവെളള്ളത്തില്‍ മീന്‍ പിടിക്കുന്നവെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. അതേസമയം സമ്മേളന കാലയളവായതിനാല്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടന്നേക്കില്ല.
ഓഖി ദുരന്തം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും എത്തിയ സംഘത്തെ അടിയന്തരമായി കാണാന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയാണ് വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. തൃശൂരിലെ സിപിഐഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ച് തൃശൂരിലേക്കും നടത്തിയ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് ഓഖി ദുരിതാശ്വാസഫണ്ടില്‍ നിന്നും ഈടാക്കാന്‍ റവന്യൂ സെക്രട്ടി ഉത്തരവ് ഇറക്കുകയായിരുന്നു. ഇത് വിവാദമായതോടെ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ചു. ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദവുമായി സര്‍ക്കാര്‍ രംഗത്തെത്തി. എന്നാല്‍ ഇത് കളവാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. ഉത്തരവിന്റെ രണ്ടാമത്തെ പേജില്‍ പകര്‍പ്പ് ആര്‍ക്കൊക്കെ നല്‍കി എന്നത് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ആ വാദം പൊളിഞ്ഞു.

പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക അനുവദിച്ചതെന്ന വാദം തള്ളി ഡിജിപി രംഗത്തെത്തി. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം. ദുരന്തനിവാരണഫണ്ടില്‍ നിന്ന് പണം ചെലവഴിച്ചതില്‍ പൊലീസിന് പങ്കില്ലെന്നും ഡിജിപി വ്യക്തമാക്കി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഉത്തരവ് താന്‍ അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയതും കാര്യങ്ങള്‍ വഷളാക്കി. വിഷയത്തില്‍ റവന്യൂവകുപ്പ് അഡീഷണല്‍ സെക്രട്ടറിയോട് മന്ത്രി വിശദീകരണം തേടിയിരുന്നു.