ഹെലികോപ്റ്റര്‍ യാത്ര വിവാദം: ചെലവ് പാര്‍ട്ടി വഹിക്കേണ്ടന്ന് സി.പി.എം സെക്രട്ടേറിയേറ്റ്

0
63

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് പാര്‍ട്ടി ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ തീരുമാനം. യാത്രയ്ക്ക് ചെലവായ തുക പൊതുഭരണ വകുപ്പിന്റെ ഫണ്ടില്‍ നിന്നെടുക്കാന്‍ സെക്രട്ടേറിയേറ്റ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ സംഭവം വിവാദമായതിനെത്തുടര്‍ന്ന് യാത്ര ചെലവ് പാര്‍ട്ടി വഹിക്കുമെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് സെക്രട്ടേറിയേറ്റ് നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടി ഫണ്ടില്‍ നിന്ന് പണം ഈടാക്കിയാല്‍ അത് മുഖ്യമന്ത്രി തെറ്റ് ചെയ്തുവെന്ന് സമ്മതിക്കലാകുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. സര്‍ക്കാര്‍ ആവശ്യത്തിനായാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അതിനാല്‍ പണം പൊതുഭരണ വകുപ്പില്‍ നിന്ന് എടുക്കണമെന്ന് സെക്രട്ടേറിയേറ്റ് നിര്‍ദേശിക്കുകയായിരുന്നു.

നേരത്തെ പാര്‍ട്ടി ഫണ്ടില്‍ നിന്ന് ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് വഹിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരിന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെ പലരും ഇത്തരത്തില്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓഖി ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഓഖി ഫണ്ടില്‍ നിന്ന് പണം എടുത്ത് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് വിവാദമായി.തുടര്‍ന്ന് വിവാദത്തില്‍ നിന്ന് തലയൂരാന്‍ യാത്രയ്ക്കു ചെലവായ എട്ട് ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നെടുത്ത് ഓഖി ഫണ്ടിലേക്ക് അടയ്ക്കാനുള്ള നീക്കത്തിലായിരുന്നു സി.പി.എം.