സ്വതന്ത്ര-പരീക്ഷണ സിനിമകള്‍ക്കായി ചലച്ചിത്രമേള

0
97

സ്വതന്ത്ര-പരീക്ഷണ സിനിമകൾക്കുവേണ്ടിയുള്ള ചലച്ചിത്രമേള IEFFK ജനുവരി 13, 14 തീയതികളിൽ കോഴിക്കോട്‌ നടക്കും. മിനിമൽ സിനിമയാണ് ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. IFFKയിലോ കേരളത്തിലെ തിയേറ്ററുകളിലോ എത്തിപ്പെടാത്ത സിനിമകൾക്കാണ് ചലച്ചിത്രമേളയില്‍ മുൻഗണന നല്‍കുന്നത്.

അരവിന്ദ് ഘോഷ് റോഡിൽ മാനാഞ്ചിറ ടവറിൽ പ്രവർത്തിക്കുന്ന  ഓപ്പൺസ്ക്രീൻ തിയേറ്റർ, അരയിടത്തുപാലം മിനി  ബൈപ്പാസ് റോഡിലുള്ള ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഫെസ്റ്റിവലിന്റെ പ്രധാന വേദികൾ.

രണ്ടു ദിവസമായി നടക്കുന്ന ഫെസ്റ്റിവലിൽ മലയാളത്തിലെ ഏറ്റവും പുതിയ 11 സിനിമകൾ പ്രദർശിപ്പിക്കും.  മിനിമൽ സിനിമ കൂട്ടായ്‌മയാണ് സംഘാടകർ.

സിനിമയ്ക്ക് പുറമെ ചായ ചർച്ച,  കോറിഡോർ കോൺവർസെഷൻ എന്നീ പരിപാടികളും നടക്കും. ഓരോ സിനിമയ്ക്കുശേഷവും സംവിധായകരുമായുള്ള മുഖാമുഖം നടക്കും.

ക്രൈം നമ്പർ 89 ലൂടെ 2013 ലെ മലയാളത്തിലെ മികച്ച സിനിമയുടെ സംവിധായകനായി മാറിയ സുദേവന്റെ പുതിയ സിനിമ ‘അകത്തോ പുറത്തോ’, മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ജോ ബേബിയുടെ ‘കുഞ്ഞുദൈവം’, സമീപകാലത്തെ ഏറ്റവും ശ്രദ്ധേയമായ സിനിമ ജീവ കെ.ജെയുടെ ‘റിക്റ്റർ സ്കെയിൽ 7.6’, ഫൗസിയ ഫാത്തിമയുടെ മാജിക്കൽ റിയലിസ്റ്റിക്‌ സിനിമ ‘നദിയുടെ മൂന്നാംകര’, നിരവധി അന്താരഷ്ട്ര ഫെസ്റ്റിവലുകളിൽ തിരഞ്ഞെടുക്കപ്പെട്ട റഹ്മാൻ ബ്രദേഴ്സിന്റെ ‘കളിപ്പാട്ടക്കാരൻ’ എന്നീ മുഴുനീള ചിത്രങ്ങള്‍ ഫെസ്റ്റിവലിലുണ്ട്‌.

ഫെസ്റ്റിവലിന്റെ ഡയറക്റ്റർ ഫോക്കസ്‌ വിഭാഗത്തിൽ സംവിധായകൻ ഡോണ്‍ പാലത്തറയുടെയുടെ വിത്ത്‌, ശവം, തിരികെ, പുളിക്കൽ മത്തായി എന്നീ സിനിമകൾ പ്രദര്‍ശിപ്പിക്കും.

ഡോക്യുമെന്ററി വിഭാഗത്തിൽ കെ.ജി.ജോർജ്ജിനെക്കുറിച്ച്‌ ലിജിൻ ജോസ്‌ സംവിധാനം ചെയ്ത്‌ ഈ വർഷത്തെ ഇന്ത്യൻ പനോരമയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ‘8 1/2’ ഇന്റർകട്ട്‌സ്‌’എന്ന ചിത്രവും
വയനാട്ടിലെ പണിയ ജനവിഭാഗത്തെക്കുറിച്ചുള്ള അനീസ് കെ മാപ്പിളയുടെ ‘ദി സ്ലേവ്‌ ജെനിസിസ്‌ ‘ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.