‘ആദ്യ ടെസ്റ്റില്‍ രഹാനയെ പുറത്തിരുത്തിയത് കോഹ്‌ലിയുടെ മണ്ടത്തരം’: അലന്‍ ഡൊണാള്‍ഡ്‌

0
65

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാതിരുന്ന അജിങ്ക്യ രഹാനയെ പിന്തുണച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം അലന്‍ ഡൊണാള്‍ഡ്. ആദ്യ ടെസ്റ്റില്‍ രഹാനെയ്ക്ക് അവസരം നല്‍കാതിരുന്ന കോഹ്‌ലിയുടെ തീരുമാനത്തെ മണ്ടത്തരമെന്നാണ് ഡൊണാള്‍ഡ് വിശേഷിപ്പിച്ചത്.

ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്ന താരമാണ് രഹാനെയെന്നും ആടിയുലയുന്ന ഇന്ത്യന്‍ ടീമിന് ശരിയായ ദിശ കാട്ടാന്‍ രഹാനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രഹാനയെ ആദ്യ ടെസ്റ്റില്‍ പുറത്തിരുത്തിയത് മണ്ടത്തരമായാണ് കാണുന്നത്. രഹാനെ എല്ലാ അര്‍ത്ഥത്തിലും ഒരു ലോകോത്തര താരമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രഹാനെ സൈഡ് ബെഞ്ചിലിരിക്കുന്നതും കളിക്കാര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കുന്നതും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ അദ്ഭുതപ്പെടുത്തിയെന്നും രഹാനെയെപ്പോലൊരു താരം അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുവെന്ന് അവര്‍ക്കറിയാമെന്നും ഡൊണാള്‍ഡ് പറഞ്ഞു.
മല്‍സരം കൈവിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്‌ക്കൊപ്പം കിട പിടിക്കാന്‍ പോന്നവരാണ് ഭുവനേശ്വര്‍ കുമാറും, മുഹമ്മദ് ഷമിയും, ജസ്പ്രീത് ബൂംറയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിങ് നിരയെന്നും ഈ സഖ്യം ഇന്ത്യയുടെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ പേസ് നിര വേഗതയുടെ ആനുകൂല്യമുള്ളവരാണെങ്കില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വ്യത്യസ്തമായി ബൗള്‍ ചെയ്യാനറിയാമെന്നും അദ്ദേഹം പറഞ്ഞു.