ആയുധങ്ങള്‍ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനടിയില്‍ വീണ്ടും പരിശോധന

0
48


മലപ്പുറം: ആയുധങ്ങള്‍ കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിനടിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ഉരുക്ക് ഷീറ്റുകള്‍ കണ്ടെത്തി. രണ്ടു തവണകളായി നിരവധി വെടിയുണ്ടകളും കുഴിബോംബുകളും കണ്ടെടുത്ത പ്രദേശത്ത് ഭാരതപ്പുഴയിലെ വെള്ളം വറ്റിച്ചാണ് വീണ്ടും പരിശോധന നടത്തുന്നത്. ടാങ്കുകളും മറ്റും ചെളിയില്‍ താഴ്ന്നുപോകാതിരിക്കാന്‍ ഉപയോഗിക്കുന്ന രണ്ട് ഷീറ്റുകളാണു (പിയേഴ്‌സ്ഡ് സ്റ്റീല്‍ പ്ലേറ്റ്‌സ്) കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാവിലെ ഒമ്പതു മണിയോടെയാണ് ആരംഭിച്ച പരിശോധന തുടരുകയാണ്.

പതിനഞ്ചോളം പേരടങ്ങിയ ബോംബ് സ്‌ക്വാഡ് സംഘവും പരിശോധയില്‍ പങ്കെടുക്കുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. ഇതിനിടെ അന്വേഷണ സംഘം വിവിധയിടങ്ങളിലായി ക്യാമ്പ് ചെയ്ത് ആയുധങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകളും അന്വേഷിച്ച് വരുന്നുണ്ട്.

ഒരാഴ്ചയ്ക്ക് മുമ്പ് ക്ലേമോര്‍ മൈനുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഭാരതപ്പുഴയില്‍ നിന്ന് അഞ്ഞൂറിലധികം വെടിയുണ്ടകള്‍ ഉള്‍പ്പെടെയുള്ള ആയുധ സാമഗ്രികള്‍ കണ്ടെത്തിയത്. മൈനുകള്‍ കണ്ടെടുത്ത കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് തന്നെയാണ് വെടിയുണ്ടകളും മറ്റും ലഭിച്ചത്.