ഇന്ത്യയുടെ നൂറാമത് ഉപഗ്രഹ വിക്ഷേപം ഇന്ന്; ചരിത്ര നിമിഷത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി

0
97

ചെന്നൈ: ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം ഇന്ന് സാക്ഷ്യം വഹിക്കും. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി40 ബഹിരാകാശത്തേക്ക് കുതിക്കുക. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. ഐഎസ്ആര്‍ഒയുടെ നാല്പ്പത്തിരണ്ടാമത് ദൗത്യമാണിത്.

വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ പുലര്‍ച്ചെ 5.29നാണ് ആരംഭിച്ചത്. ഭൗമനിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പേടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിക്ഷേപിക്കുന്നത്. റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍ഡ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്‌പെക്ട്രല്‍ ക്യാമറകള്‍ കാര്‍ട്ടോസാറ്റ്2വിന്റെ പ്രത്യേകതയാണ്. ഉപഗ്രഹങ്ങളടങ്ങിയ പിഎസ്എല്‍വിസി40 ക്ക് 1323 കിലോഗ്രാമാണ് ഭാരം. ഇതില്‍ കാര്‍ട്ടോസാറ്റ്2 മാത്രം 710 കിലോയുണ്ട്. കഴിഞ്ഞതവണ പിഎസ്എല്‍വി സി39 വിക്ഷേപണം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകള്‍ക്കു ശേഷമാണ് പുതിയ ദൗത്യത്തിലേക്ക് കടക്കുന്നത്. ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്‍മാനായി ഡോ. കെ.ശിവന്‍ ഇന്ന് ചുമതലയേല്‍ക്കുകയും ചെയ്യും.