‘ഒക്ടോലാന്റിസ്’എന്ന നീരാളി കോളനി

0
102

കടല്‍നീരാളികള്‍ കൂട്ടമായി ജീവിക്കാന്‍ ആഗ്രഹമില്ലാത്തവരായാണ് പൊതുവെ കണക്കാക്കുന്നത്. എന്നാല്‍, ഈ ധാരണ തെറ്റാണെന്ന് തെളിയിച്ച് കടലിനടിയില്‍ നീരാളികളുടെ ‘കോളനി’ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്താണ് നീരാളികളുടെ വാസസ്ഥലം അമേരിക്കയിലെ ഇലിനോയി സര്‍വകലാശാല ഗവേഷകര്‍ കണ്ടെത്തിയത്. ഒക്ടോലാന്റിസ് എന്നാണ് ഈ നീരാളി കോളനിക്ക് പേര് നല്‍കിയിരിക്കുന്നത്.

ജെര്‍വിസ് വേയിലെ കടലില്‍ പത്തുമുതല്‍ പതിനഞ്ച് മീറ്റര്‍ താഴ്ചയിലാണ് എഴുപത്തിരണ്ട് സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയുള്ള നീരാളി കോളനി. പതിനഞ്ച് നീരാളികള്‍ കൂട്ടമായി കഴിയുന്നതായി ഗവേഷകര്‍ പറയുന്നു. പാറക്കഷ്ണങ്ങള്‍, സമുദ്രജീവികളുടെ പുറന്തോട് തുടങ്ങിയവകൊണ്ടാണ് വാസ സ്ഥലത്തിന്റെ നിര്‍മാണം. നീരാളികള്‍ക്ക് പാര്‍ക്കാനായി 23 മടകളും കോളനിയിലുണ്ടായിരുന്നു. മണലും കക്കത്തോടും കുഴിച്ചാണ് മടകള്‍ നിര്‍മിച്ചിരിക്കുന്നത്.
പരസ്പരം തൊട്ടുരുമ്മിയും പിന്തുടര്‍ന്നും ആശയവിനിമയം നടത്തിയുമാണ് നീരാളികള്‍ കഴിഞ്ഞിരുന്നത്. ഇതില്‍നിന്ന് നീരാളികള്‍ സമൂഹജീവികളുടെ സ്വഭാവം കാണിക്കുന്നതായി വ്യക്തമായി. കോളനിയിലെത്തുന്ന മറ്റുജീവികളെ നീരാളികള്‍ കൂട്ടംചേര്‍ന്ന് ഓടിക്കുന്നതും കാണാമായിരുന്നുവത്രേ. മറൈന്‍ ആന്‍ഡ് ഫ്രഷ് വാട്ടര്‍ ബിഹേവിയര്‍ ആന്‍ഡ് സൈക്കോളജി എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.