കണ്ണൂരിലെ സിപിഎം-ആര്‍.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും ക്യാമറ കണ്ണിലൂടെ കാണുന്ന അനുഭവമാണ് ‘ഈട’: രമേശ് ചെന്നിത്തല

0
63

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎം-ആര്‍.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും സാധാരണക്കാര്‍ കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളും ക്യാമറ കണ്ണിലൂടെ കാണുന്ന അനുഭവമാണ് ഈടയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. `ഈട ഈടെ വേണ്ട` എന്ന സിപിഎം കാമ്പയിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരിലേക്ക് തുറക്കുന്ന ഈ കാഴ്ചയെ മൂടാനാണ് കണ്ണൂരില്‍ ശ്രമിക്കുന്നത്. പയ്യന്നൂര്‍ സുമംഗലി തിയറ്ററില്‍ കാണാന്‍ എത്തിയവര്‍ക്ക് മുന്നില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചില്ല. ചിത്രം റിലീസ് ആയ ദിവസം തന്നെ പോസ്റ്ററുകള്‍ നശിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പത്മാവതി സിനിമയെ അനുകൂലിക്കുന്നവരാണ് ഈടയെ എതിര്‍ക്കുന്നത്. അക്രമത്തെ നിരുത്സാഹപ്പെടുത്തുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവദിക്കില്ല എന്നത് സാംസ്‌കാരിക ഫാസിസമാണ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈട ഈടെ വേണം.

കണ്ണൂരിലെ സിപിഎം-ആർ.എസ്.എസ് സംഘട്ടനങ്ങളും കൊലപാതകങ്ങളും സാധാരണക്കാർ കടന്നുപോകുന്ന മാനസിക സംഘർഷങ്ങളും ക്യാമറ കണ്ണിലൂടെ കാണുന്ന അനുഭവമാണ് ഈട.`കണ്ണിന് കണ്ണ്,പല്ലിന് പല്ല് `എന്നീ പ്രത്യയ ശാസ്ത്രം വടക്കൻ മലബാറിൽ നിറഞ്ഞാടുമ്പോൾ പകയുടെ രാഷ്ട്രീയമാണ് പരക്കുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ രാഷ്ട്രീയം നമ്മെ അന്ധന്മാരാക്കുന്നു.

അണികൾ തീർക്കുന്ന സംരക്ഷണ കവചങ്ങളിൽ നേതാക്കന്മാർ സുഖലോലുപരായി കഴിയുമ്പോൾ ഇരുപക്ഷത്തും മരിച്ചു വീഴുന്നത് സാധാരണക്കാരായ ഭർത്താവും അച്ഛനും സഹോദരന്മാരുമൊക്കെയാണ്. കൊന്നും കൊല്ലിച്ചും കൊലക്കത്തിക്ക് ഇരയായും പുരുഷന്മാർ മാറുമ്പോൾ ജീവിതം കൈവിട്ടുപോകുന്നത് സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമാണ്. മഹത്തായ ഒരു ലക്ഷ്യത്തിന്റെ പേരിലുമല്ല ഈ കൊലപാതകങ്ങൾ. ഈ വീടുകൾക്കുള്ളിലേക്ക് ക്യാമറ തിരിച്ചു വയ്ക്കുകയാണ്, ചിത്ര സംയോജനത്തിൽ ദേശീയ പുരസ്കാരം നേടിയ ചിത്ര സംവിധായകൻ ബി.അജിത്കുമാറിന്റെ കന്നി ചിത്രമായ ഈട.

നേരിലേക്ക് തുറക്കുന്ന ഈ കാഴ്ചയെ മൂടാനാണ് കണ്ണൂരിൽ ശ്രമിക്കുന്നത്. പയ്യന്നൂർ സുമംഗലി തിയറ്ററിൽ കാണാൻ എത്തിയവർക്ക് മുന്നിൽ ഈ ചിത്രം പ്രദർശിപ്പിച്ചില്ല. ചിത്രം റിലീസ് ആയ ദിവസം തന്നെ പോസ്റ്ററുകൾ നശിപ്പിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പത്മാവതി സിനിമയെ അനുകൂലിക്കുന്നവരാണ് ഈടയെ എതിർക്കുന്നത്. അക്രമത്തെ നിരുത്സാഹപ്പെടുത്തുന്ന ചിത്രം പ്രദർശിപ്പിക്കാൻ പോലും അനുവദിക്കില്ല എന്നത് സാംസ്കാരിക ഫാസിസമാണ്.

പകയെ സ്നേഹം കൊണ്ട് മറികടക്കുന്ന ഈ ചിത്രം സമൂഹത്തിന് മികച്ച സന്ദേശമാണ് നൽകുന്നത്. അസഹിഷ്ണുത അവസാനിപ്പിച്ചു മികച്ച കലാസൃഷ്ടികളെ അംഗീകരിക്കാൻ ഇടതുപക്ഷവും സംഘപരിവാറും തയാറാകണം. സിനിമ കണ്ട് ഒരാളെങ്കിലും അക്രമ രാഷ്ട്രീയത്തിന്റെ പാതയിൽ നിന്നും മാറിനടന്നാലോ എന്ന ഭയമാണ് `ഈട ഈടെ വേണ്ട` എന്ന സിപിഎം കാമ്പയിന് പിന്നിൽ. ഈ ചിത്രം ഉന്നയിക്കുന്ന വിഷയം പൊതുവേദിയിൽ ചർച്ച ചെയ്യാൻ സിപിഎം ആർജ്ജവം കാണിക്കണം.