ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ മുന്‍കയ്യെടുക്കണമെന്ന് ഇതിഹാസ താരങ്ങള്‍

0
45

ഡല്‍ഹി : ക്രിക്കറ്റിനെ ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബിസിസിഐ ആലോചിക്കണമെന്ന് മുന്‍ താരങ്ങള്‍. ഇക്കാര്യത്തില്‍ ബിസിസിഐ മുന്‍കയ്യെടുത്താല്‍ ഒരു നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് ഒളിംപിക്സിലേക്ക് തിരിച്ചുവരാനാകുമെന്നും ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കി.
ക്രിക്കറ്റിന്റെ തിരിച്ചുവരവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിഡ്നിയല്‍ ചേര്‍ന്ന യോഗത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കിപോണ്ടിങ്ങ്, മുന്‍ ഇംഗ്ലീഷ് താരം മൈക്ക് ഗേറ്റിങ്ങ്, ശ്രീലങ്കന്‍ താരമായിരുന്ന കുമാര്‍ സംഗക്കാര, ഓസ്ട്രേലിയന്‍ താരം ജോണ്‍ സ്റ്റീവന്‍സ് എന്നിവരാണ് പങ്കെടുത്തത്.
ഐസിസിയിലെ പ്രധാന അംഗമായ ബിസിസിഐ മുന്‍കയ്യെടുത്താല്‍ ക്രിക്കറ്റ് ഒളിംപിക്സിലേക്ക് തിരിച്ചുവരുമെന്നാണ് താരങ്ങള്‍ വിശ്വസിക്കുന്നത്. 2024 പാരീസ് ഒളിംപ്ക്സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ശ്രമം നടത്തുന്നുണ്ടെങ്കിലും ബിസിസിഐ ഇതിന് താല്‍പര്യം കാണിച്ചിരുന്നില്ല. 1900 ലെ പാരീസ് ഒളിംപിക്സിലാണ് ക്രിക്കറ്റിനെ അവസാനമായി ഉള്‍പ്പെടുത്തിയത്.
ക്രിക്കറ്റ് ഒളിംപിക്സിന് കീഴില്‍ വന്നാല്‍ ബിസിസിഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലേക്ക് മാറുമെന്നതാണ് ബിസിസിഐ ഇതില്‍നിന്നും പിന്നോട്ടടിക്കുന്നത്. വിരമിച്ച താരങ്ങളുടെ കൂട്ടായ തീരുമാനം ബിസിസിഐയെ അറിയിക്കുകയും ക്രിക്കറ്റിനെ കുറേകൂടെ ജനകീയവല്‍ക്കരിക്കാനുമാണ് ശ്രമിക്കുന്നത്. ക്രിക്കറ്റ് ഒളിംപിക്സില്‍ ഉള്‍പ്പെട്ടാല്‍ ഇന്ത്യക്ക് മെഡല്‍ ഉറപ്പാണ്.