ക്രിപ്‌റ്റോ കറന്‍സിയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി ജിയോ കോയിന്‍ അണിയറയില്‍

0
61

ന്യൂഡല്‍ഹി: ബിറ്റ്കോയിന്റെ മൂല്യത്തിന് വന്‍കുതിപ്പുണ്ടായതിന് ശേഷമാണ് ക്രിപ്റ്റോ കറന്‍സിയിലേക്ക് നിക്ഷേപകരുടെ ശ്രദ്ധയെത്തിയത്. തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സി ഇടപാടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിസര്‍വ് ബാങ്കും ധനകാര്യ മന്ത്രാലയവും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് നിലവില്‍ ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ക്ക് നിയമപരിരക്ഷയില്ല. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഇതിനിടയിലാണ്, ഇന്ത്യന്‍ ടെലികോം മേഖലയില്‍ പുതിയ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ സ്വന്തമായി ക്രിപ്റ്റോ കറന്‍സി വികസിപ്പിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത എത്തുന്നത്. ഡിജിറ്റല്‍ കറന്‍സി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ്‌ അംബാനിയുടെ നേതൃത്വത്തില്‍ 50 അംഗങ്ങളുള്ള ടീമിനെ ഉടനെ ചുമതലപ്പെടുത്തുമെന്നാണ് അറിയുന്നത്. ജിയോ കോയിന്‍ എന്നായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ പേര്.

ബ്ലോക്ക് ചെയിന്‍ ടെക്നോളജി വികസിപ്പിക്കുക ഈ സംഘമായിരിക്കും. സ്മാര്‍ട്ട് കോണ്‍ട്രാക്ട്, സപ്ലൈ ചെയിന്‍ മാനേജുമെന്റ് ലോജിസ്റ്റിക്സ് തുടങ്ങിയ അപ്ലിക്കേഷനുകളും ഇതോടൊപ്പം വികസിപ്പിക്കേണ്ടതുണ്ട്. അതേസമയം, പദ്ധതിയെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് അധികൃതര്‍ തയ്യാറായില്ല.