ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണും

0
52

ന്യൂഡല്‍ഹി: ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാലു ജഡ്ജിമാര്‍ പരസ്യമായി തനിക്കെതിരെയും സുപ്രീം കോടതി ഭരണ സംവിധാനത്തിനെതിരെയും രംഗത്തെത്തിയതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മാധ്യമങ്ങളെ കാണുമെന്ന് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. അറ്റോര്‍ണി ജനറലിനൊപ്പമായിരിക്കും മിശ്രയുടെ വാര്‍ത്താസമ്മേളനം.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ സമാനതകളില്ലാത്ത സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കൊളീജിയത്തില്‍ ഉള്‍പ്പെട്ട നാല് ജഡ്ജിമാര്‍ പ്രതിഷേധവുമായി വാര്‍ത്താസമ്മേളനം നടത്തി. ജഡ്ജിമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രജ്ഞന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് ദീപക്മിശ്രയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞതാണെന്നും ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന് രാജ്യം തീരുമാനിക്കട്ടേയെന്നും ജസ്റ്റിസ് ചെലമേശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മാസങ്ങല്‍ക്കു മുന്‍പ് തങ്ങള്‍ ചീഫ് ജസ്റ്റിസിന് ഒരു കത്തു നല്‍കിയിരുന്നു. ഒരു പ്രത്യേക കാര്യം ആവശ്യപ്പെടുകൊണ്ടുള്ളതായിരുന്നു അത്. ഇന്നു രാവിലെയും അക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസിനെ കണ്ടിരുന്നു. എന്നാല്‍ ആ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്നും ചെലമേശ്വര്‍ പറഞ്ഞു.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യരപ്പെട്ടാണ് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നത്. ഈ കത്തിനെക്കുറിച്ചാണ് ജഡ്ജിമാര്‍ സൂചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ കത്ത് ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

അതേസമയം, സുപ്രീം കോടതിയിലെ അസ്വാഭാവിക സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമ മന്ത്രി രവിശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി.