ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രീംകോടതി

0
42


ന്യൂഡല്‍ഹി: അഹമ്മദാബാദ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണം ഗൗരവതരമാണെന്ന് സുപ്രീം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ലോയയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ തീരുമാനം. മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെ നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയയുടെ മരണം. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബര്‍ 15ന് ഹാജരാകണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയിരിക്കെയായിരുന്നു ലോയയുടെ മരണം.

ലോയയെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതുമെല്ലാം ദുരൂഹമാണെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സുപ്രീം കോടതിയിലെ അസാധാരണ നടപടികള്‍ക്ക് കാരണമായതെന്നാണ് സൂചന.