ജിയോ കോയിന്‍ എന്ന സ്വന്തം ക്രിപ്‌റ്റോ കറന്‍സിയുമായി റിലയന്‍സ് ജിയോ വരുന്നു

0
77
Mumbai: Mukesh Ambani, Chairman, Reliance Industries Ltd. with his wife Nita Ambani and son Akash Ambani arrives for the company's annual general meeting in Mumbai on Thursday. PTI Photo by Mitesh Bhuvad (PTI9_1_2016_000050a)
 

ന്യൂഡല്‍ഹി: സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ടെലികോം മേഖലയില്‍ മറ്റ് നെറ്റ്‌വര്‍ക്കുകള്‍ക്ക് താരിഫ് പ്ലാനുകളിലൂടെ വലിയൊരു വെല്ലുവിളി സൃഷ്ടിച്ച ശേഷമാണ് റിലയന്‍സ് പുതിയ സംരഭത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.

മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ കറന്‍സി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി 50 അംഗ ടീമിനെ ഉടന്‍ ചുമതലപ്പെടുത്തുമെന്നാണ് വിവരം. ജിയോ കോയിന്‍ എന്നായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ പേര്.

ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി വികസിപ്പിക്കാനുള്ള ചുമതല ഈ സംഘത്തിനായിരിക്കും. സ്മാര്‍ട്ട് കോണ്‍ട്രാക്ട്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ലോജിസ്റ്റിക്‌സ് തുടങ്ങിയ അപ്ലിക്കേഷനുകളും ഇതോടൊപ്പം വികസിപ്പിക്കേണ്ടതുണ്ട്. അതേസമയം, പദ്ധതിയെക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്തെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് നിലവില്‍ നിയമപരിരക്ഷയില്ല. ഇത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്.

ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് റിസര്‍വ്വ് ബാങ്കും ധനകാര്യ മന്ത്രാലയവും ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കിയിരുന്നു.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യത്തിന് വന്‍ കുതിപ്പുണ്ടായതോടെയാണ് നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായത്. കഴിഞ്ഞ ഡിസംബറില്‍ 20000 ഡോളറോളം മൂല്യമുയര്‍ന്നെങ്കിലും പിന്നീടങ്ങോട്ട് മൂല്യമിടിയുകയാണുണ്ടായത്.