ജോയ് ആലുക്കാസിനോട്‌ മനോരമയ്ക്കും മാതൃഭൂമിയ്ക്കുമൊക്കെ എന്താ ഒരു ബഹുമാനം, ഹൊ!

0
315


കെ.ശ്രീജിത്ത്

മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് പറഞ്ഞുപറഞ്ഞ് പഴകിയ കാര്യമാണ്. സമൂഹത്തിന്റെ കണ്ണാടിയാണ് മാധ്യമങ്ങള്‍ തുടങ്ങി ഒട്ടനവധിയുണ്ട് വിശേഷണങ്ങള്‍. ആ കണ്ണാടിയുടെ ചില്ല് ഉടഞ്ഞുപോയിട്ട് കാലം കുറേയായി. ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ഒരുപാട് അധ്വാനിച്ചു അതിന്റെ ചില്ലൊന്ന് പെട്ടിച്ചെടുക്കാന്‍. എന്തായാലും അവരതില്‍ ഫലപ്രാപ്തി നേടിയിട്ടുണ്ട്. അതുകൊണ്ടെന്താ ചില്ലില്ലാത്തതിനാല്‍ ഇപ്പോള്‍ സമൂഹത്തിന് അതില്‍ പ്രതിഫലിക്കേണ്ടല്ലോ!

ഇപ്പറഞ്ഞതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡ് എല്ലാ മുഖ്യാധാരാ മാധ്യമങ്ങളും തമസ്‌കരിച്ചത്.

കേരളം, തമിഴ് നാട്‌, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ള ജോയ് ആലുക്കാസിന്റെ ഷോറൂമുകളിലാണ് റെയ്ഡ് നടക്കുന്നത്. കുപ്രസിദ്ധ അധോലോകനായകന്റെ ഫണ്ടാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ ഉണ്ടെന്നുമുള്ള കൃത്യമായ വിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. റെയ്ഡിനെ തുടര്‍ന്ന് ജോയ് ആലുക്കാസിന്റെ സഹോദര സ്ഥാപനമായ ജോളി സില്‍ക്ക്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് ചെന്നൈയിലുള്ള ഷോറൂമുകളിലും പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ഷട്ടറുകള്‍ അടച്ചിട്ട് ആളുകളെ എല്ലാം പുറത്തിറക്കിയ ശേഷമാണ് പരിശോധനകള്‍. ജീവനക്കാര്‍ ഉള്‍പ്പെടെ കമ്പനിയുമായി ബന്ധപ്പെട്ടവരെ എല്ലാം ഷോറൂമുകളില്‍ നിന്ന് പുറത്തിറക്കിയിരുന്നു.

കൂടാതെ നോട്ടു നിരോധനം, ജിഎസ്ടി തുടങ്ങിയവയ്ക്ക് ശേഷം പരസ്യങ്ങള്‍ നല്‍കുന്നതും ജോയ് ആലുക്കാസ് നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷം വീണ്ടും പരസ്യം നല്‍കി തുടങ്ങുകയും ചെയ്തിരുന്നു. നോട്ടുനിരോധനത്തിന് ശേഷം 5.7 ടണ്‍ സ്വര്‍ണം 1500 കോടി രൂപയ്ക്ക് വിറ്റഴിച്ചെന്ന ആരോപണത്തില്‍ ജോയ് ആലുക്കാസ് ഷോറുമുകള്‍ വിവാദത്തിലായിരുന്നു. 11 രാജ്യങ്ങളിലായി നൂറു കണക്കിന് ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.

ഇതാണ് വാര്‍ത്ത. പക്ഷെ മാതൃഭൂമിയും മലയാള മനോരമയും അടക്കമുള്ള മുഖ്യധാരാ പത്രങ്ങളും വാര്‍ത്താ ചാനലുകളും അത് കണ്ടില്ലെന്ന് നടിച്ചു. മിക്ക വാര്‍ത്താ ചാനലുകളും നടത്തുന്നത് ഇവിടുത്തെ മുഖ്യധാരാ പത്രങ്ങളുടെ മാനേജ്‌മെന്റുകള്‍ തന്നെയാണ്. കോടികളുടെ പരസ്യമാണ് ഇവര്‍ക്കെല്ലാം ജോയ് ആലുക്കാസ് നല്‍കുന്നത്. പിന്നെ എങ്ങിനെ അവര്‍ വാര്‍ത്ത കൊടുക്കും. അവരുടെ പ്രതിബദ്ധത ജനങ്ങളോടല്ലല്ലോ, പരസ്യം നല്‍കുന്നവരോടല്ലെ! അതാണ് മാധ്യമപ്രവര്‍ത്തനം. യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനം!

ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കര്‍ ഫെയ്‌സ് ബുക്കില്‍ ‘ഭരണകൂട ഭീകരത’ എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റിട്ടിരുന്നു.

ഭരണകൂട ഭീകരത!

രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിലും കോര്‍പറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.

നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെളളിയും സ്വര്‍ണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാര്‍ ഈ അതിക്രമം ചെയ്തത്.

ആദായനികുതി റെയ്ഡിന്റെ വാര്‍ത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാര്‍ത്തയായില്ല, ചര്‍ച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടര്‍ന്നു, വാര്‍ത്ത തമസ്‌കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.

ആലുക്കാസിനോടു മാത്രമല്ല, കല്യാണ്‍ ജ്വല്ലറിയോടും മലബാര്‍ ഗോള്‍ഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിന്റെ കാര്യം വരുമ്പോള്‍ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.

ഇവിടെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.

ജയശങ്കര്‍ പറഞ്ഞതുപോലെ നമ്മുടെ രാത്രികളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ ചാനലിലും ചര്‍ച്ച നടന്നില്ല. വിനുമാരും വേണുമാരും ഉറഞ്ഞുതുള്ളിയില്ല. അവരുടെ സാമൂഹ്യപ്രതിബദ്ധത ഛര്‍ദ്ദിച്ചുതള്ളിയില്ല. എന്നാല്‍ ഇതൊക്കെ അറിയുമ്പോള്‍ ജനത്തിനാണ് ഓക്കാനം വരുന്നതെന്ന് മാത്രം. ഇനി ‘കവര്‍ സ്‌റ്റോറി’യിലോ ‘പറയാതെ വയ്യ’യിലോ വല്ലതും വരുമോ എന്തോ! നമ്മുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. എന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല!

ജോയ് ആലുക്കാസിനോടും കല്യാണ്‍ ജ്വല്ലേഴ്‌സിനോടും മലബാര്‍ ഗോള്‍ഡിനോടുമെല്ലാമുള്ള ഇവരുടെ ബഹുമാനം കണ്ട് പാവം ജനം പഞ്ചപുച്ഛമടക്കിനില്‍ക്കുകയാണ്. ഇതുതന്നെയാണ് രണ്ട്, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിനും ഉണ്ടായ ഫലം. അന്ന് അദ്ദേഹം ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിന്റെ ഉടമ ബോബി ചെമ്മണ്ണൂരിന്റെ ചില വിക്രിയകളെക്കുറിച്ച്, മാധ്യമ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ‘ചെറിയ’ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി ചിലതെല്ലാം പറഞ്ഞിരുന്നു. ഏതാണ്ടൊരു രണ്ടായിരമോ, മൂവായിരമോ കോടിയുടെ ക്രമക്കേടുകളെക്കുറിച്ചായിരുന്നെന്ന് തോന്നുന്നു അദ്ദേഹം പറഞ്ഞത്. ദോഷം പറയരുതല്ലോ, പേരിനുപോലും ഒരൊറ്റ മുഖ്യധാരാ മാധ്യമങ്ങളും അങ്ങിനെയൊന്ന് സംഭവിച്ചതായേ ഭാവിച്ചില്ല. സാക്ഷാല്‍ വി.എസ്.അച്യുതാനന്ദന്റെ ഗതി ഇതാണെങ്കില്‍ പിന്നെ മറ്റ് ‘കീട’ങ്ങളുടെ കാര്യം പറയേണ്ടല്ലോ!

ഓരോ മനുഷ്യനും ജനിച്ച കാലം തൊട്ട് കേള്‍ക്കുന്നതാണ് ഈ ‘നാലാം തൂണി’ന്റെ കഥ. ‘നാലാം തൂണ് ‘ സൗകര്യം ഉപയോഗിച്ച് പരമാവധി ഔദാര്യങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പറ്റുന്നവരാണ് ആയിരക്കണക്കിന് കോടി രൂപയുടെ വിറ്റുവരുമാനമുള്ള ഈ പത്രമുതലാളിമാര്‍. അതില്‍ കോര്‍പ്പറേറ്റുകളും സോഷ്യലിസ്റ്റുകളും ഒക്കെയുണ്ട്. നികുതിയിളവ് അടക്കം എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ഭരണകൂടം ചെയ്തുകൊടുക്കുന്നുമുണ്ട്. അല്ല, പിന്നെ ഭരണകൂടത്തിന്റെ കാര്യം പറയേണ്ടല്ലോ. ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയേയും അംബാനി, അദാനിമാരെയും കൈയയച്ച് സഹായിക്കുന്ന ഭരണകൂടത്തിന് ഇതൊക്കെ ചെറിയ കാര്യമല്ലേ! എന്തായാലും കോര്‍പ്പറേറ്റ് പത്രമുതലാളിമാര്‍ ഈ സൗകര്യങ്ങളെല്ലാം നേടിയെടുക്കുന്നത് പാവം ജനത്തിന്റെ കാര്യം പറഞ്ഞിട്ടാണല്ലോ. മാധ്യമങ്ങളില്ലെങ്കില്‍ ലോകം ഇടിഞ്ഞുവീഴും, പൗരാവകാശ ലംഘനം നടക്കും, ജനത്തിന് അറിയാനുള്ള അവകാശം നിഷേധിക്കപ്പെടും. ഹാവൂ, അങ്ങിനെയന്തൊക്കെ! പക്ഷെ ഒരു സംശയം. ഈ സ്വര്‍ണവ്യാപാരികളുടെ ഷോറൂമികളിലെ റെയ്ഡ് ജനം അറിയേണ്ടത്തതാണോ എന്തോ? അവിടെ അവരുടെ അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്നില്ലെ ആവോ? അല്ലെങ്കില്‍ത്തന്നെ നെറ്റിയില്‍ പോറാന്‍ പത്ത് പൈസയില്ലാത്ത ഈ പൊതുജനം എന്ന ‘ദരിദ്രന്‍മാര്‍’ എന്തിന് സ്വര്‍ണക്കടകളുടെ കാര്യം അറിയണം. അവര്‍ക്കൊക്കെ വേറെ പണിയില്ലേ? ഈ കഥയും പറഞ്ഞ് എന്തിനാ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നത്? അല്ല അതും ശരിയാണ്! ഹേത്…

കഴിഞ്ഞ ദിവസമാണ് ഇവിടുത്തെ വലിയൊരു പത്രം ‘മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര’യുടെ വാര്‍ത്ത മുക്കിയത്. പക്ഷെ അതിനുപിന്നില്‍ അവരുടെ ചെറിയ ചില മോഹങ്ങളാണെന്ന് മാത്രം. അത് മറ്റൊന്നുമല്ല അവരുടെ മുതലാളി ഒരു രാഷ്ട്രീയക്കാരനാണേ. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു കാല്‍ പ്രതിപക്ഷ മുന്നണിയിലും മറ്റേ കാല്‍ ഭരിക്കുന്ന മുന്നണിയിലേയ്ക്ക് എടുത്ത് ചാടുന്നതിനുവേണ്ടി നീട്ടി വെച്ചിരിക്കുകയുമാണല്ലോ. അപ്പോള്‍ പിന്നെ നാട് ഭരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു വാര്‍ത്ത എങ്ങിനെ നല്‍കും. ആ ധര്‍മസങ്കടം ആരെ, എങ്ങിനെ പറഞ്ഞറിയിക്കും. എന്തായാലും ആ ‘രാഷ്ട്രീയ’ മുതലാളിയുടെ ചാട്ടം ഇന്നോ നാളെയോ മറ്റന്നാളോ ആയിട്ട് ഫലപ്രാപ്തിയിലെത്തുമെന്നാണ് അറിയുന്നത്. ഹാവൂ! ആശ്വാസം. എത്ര നാളായി അദ്ദേഹം ഒരു കാല്‍ ഒരു തോണിയിലും മറ്റേ കാല്‍ മറ്റൊരു തോണിയിലുമായി ‘യോഗാഭ്യാസം’ നടത്താന്‍ തുടങ്ങിയിട്ട്. സാക്ഷാല്‍ ഹടയോഗികള്‍ പോലും അതുകണ്ട് അന്തംവിട്ട് നില്‍ക്കുകയല്ലെ! പറയാന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തിനായി സ്ഥാപിച്ച പത്രമൊക്കെയാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സന്ദര്‍ശിച്ച മലയാളത്തിലെ ആദ്യ പത്രം ഓഫീസും അവരുടെയാണ്. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ!


ചാനലിലെ ചര്‍ച്ചാ തൊഴിലാളികള്‍ ഇനി എന്ത് പറയുമോ എന്തോ? ജോയ് ആലുക്കാസിനെ അറിയില്ലെന്നോ കേട്ടിട്ടേയില്ലെന്നോ മറ്റോ പറയാനാണ് സാധ്യത. അതും പൊതുസമക്ഷത്തില്‍ വരില്ല. അവര്‍ ഒളിച്ചിരുന്ന് ഒരു ‘പോസ്റ്റ്’ ഇടാനാണ് സാധ്യത. തെറ്റിദ്ധരിക്കല്ലേ, ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഒരു സുഹൃത്ത് പറഞ്ഞതുപോലെ ‘ഫെയ്‌സ്ബുക്കില്‍ ചെഗുവേരമാരും നാട്ടില്‍ പാവം ചേരകളുമാണല്ലോ’ അവര്‍. നമ്മുടെ നാട്ടില്‍ ജോയ് ആലുക്കാസുമാരും ബോബി ചെമ്മണ്ണൂരുമാരും നിറഞ്ഞുകവിയുന്ന ഒരു ‘ലോകക്രമ’ത്തിനായി അക്ഷീണം പോരാടുക. വിപ്ലവം, വരും വരാതിരിക്കില്ല. വരാതെ എവിടെ പോകാന്‍!

അപ്പോള്‍ എല്ലാ വിപ്ലവകാരികള്‍ക്കും, പ്രത്യേകിച്ച് ‘സോഷ്യലിസ്റ്റ് ‘ പത്ര മുതലാളിമാര്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍!