‘ ഞങ്ങള്‍ ആത്മാവ് പണയം വെച്ചു എന്ന് ഭാവി തലമുറ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല’

0
85

ന്യൂഡല്‍ഹി: അഹമ്മദാബാദ് പ്രത്യേക സിബിഐ കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സുപ്രീം കോടതിയിലെ നാല് ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനത്തില്‍ കലാശിച്ചത്. ഒരു കേസ് ഏത് ജഡ്ജി പരിഗണിക്കണം എന്നതാണ് തര്‍ക്കവിഷയമെന്ന് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയി വ്യക്തമാക്കി. ജസ്റ്റിസ് ലോയയുടെ കാര്യമാണോ പ്രതിപാദിക്കുന്നത് എന്ന ചോദ്യത്തിന് ‘അതെ’ എന്ന മറുപടിയാണ് ജസ്റ്റിസ് ഗൊഗോയി നല്‍കിയത്. ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് പരിഗണിക്കാനെടുത്തിരുന്നു. ഇതിനെതിരെയാണ് നാല് മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താ സമ്മേളനം.

സുപ്രീംകോടതിയുടെ ഭരണ സംവിധാനം തകരാറിലാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തങ്ങള്‍ കത്ത് മുഖേനെ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ചീഫ് ജസ്റ്റിസിനെ നേരിട്ട് ചെന്നു കണ്ടു. എന്നാല്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്കായില്ല. ജുഡീഷ്യറിയുടേയും ജനാധിപത്യത്തിന്റേയും നിലനില്‍പ്പിനു വേണ്ടി രാജ്യത്തെ ജനങ്ങളോട് ഇനിയെങ്കിലും കാര്യങ്ങള്‍ തുറന്നു പറയേണ്ടതുണ്ട്. ഞങ്ങള്‍ നാലുപേരും ആത്മാവ് പണയം വെച്ചു എന്ന് ഭാവി തലമുറ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.

ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ശക്തവും സ്വതന്ത്രവും സുതാര്യവുമായ ജുഡീഷ്യറിയിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രിം കോടതിയുടെ പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്ത നിലയിലല്ല. തെറ്റുകുറ്റങ്ങള്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അതില്‍ പരാജയപ്പെട്ട്തുകൊണ്ടാണ് വാര്‍ത്താ സമ്മേളനമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ജസ്റ്റിസ് ബ്രിഡ്ജ് ഗോപാല്‍ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

അമിത് ഷായ്ക്ക് അനുകൂലമായി വിധിയെഴുതാന്‍ 100 കോടി രൂപയുടെ വാഗ്ദാനം ജസ്റ്റിസ് ലോയയ്ക്ക് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തുവന്നു. ഇത് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി സീനിയര്‍ ജഡ്ജിമാര്‍ക്ക് സംശയമുണ്ട്. അതിനാലാണ് അവര്‍ പരസ്യ പ്രതിഷേധം ഉയര്‍ത്തിയത്. കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇത് നടപടിക്രമങ്ങളുടെ ലംഘനമാണെന്നാണ് നാല് സീനിയര്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാണിക്കുന്നത്.

നേരത്തെ ബിഹാര്‍ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ക്കെതിരായ അഴിമതിയാരോപണം ജസ്റ്റിസ് ചെലമേശ്വര്‍ അടങ്ങുന്ന ബെഞ്ച് ഭരണാഘടനാ ബെഞ്ചിനു വിട്ടിരുന്നു. ഇത് ചീഫ് ജസ്റ്റിസ് റദ്ദ് ചെയ്യുകയും മറ്റൊരു വിധി പുറപ്പെടുവിക്കുകയും ചെയ്തു. അന്നുതൊട്ടുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് ഇപ്പോള്‍ പൊട്ടിത്തെറിയില്‍ കലാശിച്ചിരിക്കുന്നത്.