‘പരിഷ്‌കരണങ്ങള്‍’ : താത്വികമായ ഒരു അവലോകനം

0
130

ഋഷിദാസ്

രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളുടെ ചര്‍ച്ചകളില്‍ അവസരത്തിലും അനവസരത്തിലും ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പദമാണ് ‘പരിഷ്‌കരണം’. ഈ വാക്കിന്റെ ഭാഷാപരമായ അര്‍ഥം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നത് അത്ര നല്ലതല്ലാത്ത ഒരു അവസ്ഥയില്‍നിന്നും ഭേദപ്പെട്ട കൂടുതല്‍ സുതാര്യമായതും നിയന്ത്രിക്കാവുന്നതുമായ അവസ്ഥയിലേക്ക് വ്യവസ്ഥകളെ നയിക്കാന്‍ ഉതകുന്ന നടപടികളെയാണ് പരിഷ്‌കരണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത്. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ കാലം കടന്നുപോകുമ്പോള്‍ നിരന്തരമായ മാറ്റങ്ങള്‍ക്കു വിധേയമാണ്. എല്ലാ മേഖലകളും മാറ്റങ്ങള്‍ക്കു വിധേയമാക്കുമ്പോള്‍ ആ മാറ്റങ്ങള്‍ക്കനുസൃതമായി ഭരണസാമ്പത്തിക നടപടി ക്രമങ്ങളുടെ പൊളിച്ചെഴുത്താണ് പരിഷ്‌കരണങ്ങള്‍.

സമീപകാല ചരിത്രം പരിശോധിച്ചാല്‍ സാമ്പത്തിക മേഖലയിലെ പരിഷ്‌കരണങ്ങളാണ് കൂടുതല്‍ ഉണ്ടായിട്ടുള്ളത്. പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നവര്‍ അവ ഒരിക്കലും പരാജയപ്പെട്ടതായി സമ്മതിക്കില്ല. ആദ്യമേ പരിഷ്‌കരണങ്ങള്‍ എതിര്‍ക്കുന്നവര്‍ എത്ര നന്മകള്‍ കൊണ്ടുവന്നാലും പരിഷ്‌കരണങ്ങള്‍ അംഗീകരിക്കില്ല. ഇതാണ് സമീപകാല യാഥാര്‍ഥ്യം.

പല രാജ്യങ്ങളിലും പരീക്ഷിക്കപ്പെട്ട ഒരു പരിഷ്‌കരണമാര്‍ഗമാണ് പൊടുന്നനെയുള്ള സമൂലമായ പരിഷ്‌കാരങ്ങള്‍ (ഷോക് തെറാപ്പി റിഫോംസ് ). ഏറ്റവും പ്രശസ്തമായ ( അതോ കുപ്രസിദ്ധമായതോ ) ആയ ഷോക് തെറാപ്പി റിഫോംസ് അരങ്ങേറിയത് എണ്‍പതുകളില്‍ ഗോര്‍ബച്ചേവിന്റെ സോവിയറ്റ് യൂണിയനിലാണ്. ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയ്ക എന്നിങ്ങനെയൊക്കെ പേരിടപ്പെട്ട വമ്പന്‍ പരിഷ്‌കാരങ്ങളും 500 ദിന പരിഷ്‌കാരം, 100 ദിന പരിഷ്‌കാരം എന്നൊക്കെ പേരിട്ടുവിളിച്ച കടുത്ത പരിഷ്‌കാരങ്ങളാണ് സോവിയറ്റ് യൂണിയനില്‍ എണ്‍പതുകളില്‍ അരങ്ങേറിയത്. ആ പരിഷ്‌കാരങ്ങളുടെ ആകെത്തുക എല്ലാവര്‍ക്കും അറിവുള്ളതാണ്. സോവിയറ്റ് യൂണിയന്‍ തന്നെ ഇല്ലാതായി. സര്‍വോപരി അവിടുത്തെ ജനങ്ങള്‍ ഒരു ദശകം നരകതുല്യ യാതനകള്‍ അനുഭവിച്ചു. വലിയ രാജ്യങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും പൊടുന്നനെയുള്ള പരിഷ്‌കരണങ്ങള്‍ എത്രത്തോളം ഉപകാരപ്പെടും എന്ന് ഇരുത്തി ചിന്തിപ്പിക്കും എണ്‍പതുകളിലെ സോവിയറ്റ് പരിഷ്‌കരണങ്ങള്‍.

പരിഷ്‌കരണങ്ങള്‍ വിജയിക്കണമെങ്കില്‍ യാഥാര്‍ഥ്യത്തില്‍ ഊന്നിയതാവണം അവ. ഒരു കോടി ആഡംബര വാഹനങ്ങള്‍ നിരത്തിലിറങ്ങുന്ന ഒരു രാജ്യത്ത് അവ വാങ്ങുന്ന ഭൂരിഭാഗം ആള്‍ക്കാരും ഒരു വരുമാന നികുതിയും അടക്കുന്നില്ലെങ്കില്‍ ആ വ്യവസ്ഥ തിരുത്തപ്പെടേണ്ടത് തന്നെയാണ്. പക്ഷെ ഒരു വഴി അടയുമ്പോള്‍ വെട്ടിപ്പുകാര്‍ മറു വഴി തേടും. മറ്റു വഴികള്‍ പഴയ വഴികളേക്കാള്‍ ഏളുപ്പമാണെങ്കില്‍ പരിഷ്‌കരണങ്ങള്‍ വെള്ളത്തിലാകും. സ്ഥിതി മെച്ചമാവില്ല എന്ന് മാത്രമല്ല കൂടുതല്‍ മോശമാവുകയും ചെയ്യും. പതിയെയുള്ള പരിഷ്‌കരണങ്ങളാണെങ്കില്‍ സാവധാനത്തില്‍ അവധാനതയോടെ നടപ്പിലാക്കിയാല്‍ പരിഷ്‌കരണങ്ങള്‍ വിജയിക്കാനുള്ള സാധ്യതെ വളരെ വലുതാകും. രണ്ടു ദശകം നീണ്ടുനിന്ന മാന്ദ്യത്തില്‍ നിന്നും ജപ്പാനെ കരകയറ്റാന്‍ ഇപ്പോഴത്തെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ കൈകൊണ്ട നടപടികളും തകര്‍ന്നടിഞ്ഞ റഷ്യയെ കരകയറ്റാന്‍ വ്‌ലാദിമിര്‍ പുടിന്‍ കൈകൊണ്ട നടപടികളും സാവധാനത്തില്‍ നടപ്പാക്കപ്പെടുന്ന പരിഷ്‌കാരങ്ങളുടെ പ്രായോഗികതയാണ് വെളിവാക്കുന്നത്.

എല്ലാ പരിഷ്‌കാരങ്ങളും കുറെയൊക്കെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുത്തിവെക്കും. മിക്കവാറും പരിഷ്‌കാരങ്ങളുടെ പൊള്ളലേല്‍ക്കുന്നത് സാധാരണക്കാര്‍ക്കായിരിക്കും. പക്ഷെ പരിഷ്‌കരണങ്ങള്‍ കൊണ്ട് ലഭ്യമാകാന്‍ സാധ്യതയുള്ള നല്ല നാളെയെ ഓര്‍ത്തു സാധാരണക്കാര്‍ സാധാരണഗതിയില്‍ പരിഷ്‌കരണങ്ങളെ പിന്തുണക്കും. അതി സമ്പന്നര്‍ക്കും തസ്‌കര വ്യൂഹങ്ങള്‍ക്കും ഒരു പരിഷ്‌കരണവും ഒരു ദോഷവും വരുത്തില്ല. സോവിയറ്റ് പരിഷ്‌കരണങ്ങള്‍ക്കിടക്ക് സോവിയറ്റ് ഉന്നതര്‍ നൂറുകണക്കിന് ബില്യണ്‍ ഡോളറിനു തുല്യമായ ധനമാണ് രാജ്യത്തിന് പുറത്തേക്ക് കടത്തിയതും സ്വന്തം പേരിലാക്കിയതും. നഷ്ടം സംഭവിക്കുന്നത് സാധാരണക്കാര്‍ക്ക് മാത്രവും.

പരിഷ്‌കരണങ്ങള്‍ പരിഷ്‌കരണങ്ങള്‍ക്കുവേണ്ടി മാത്രമാകുന്നതാണ് മറ്റൊരു പ്രശ്‌നം. പലപ്പോഴും ചരിത്രത്തിലിടം പിടിക്കാനും എന്തെങ്കിലും ചെയ്‌തെന്നു വരുത്തി തീര്‍ക്കാനും ഭരണകൂടങ്ങള്‍ ഉപദേശക വൃന്ദങ്ങളുടെയും മറ്റും കെണിയില്‍ പെട്ട് കാര്യകാരണങ്ങള്‍ ചിന്തിക്കാതെ വൃഥാ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാറുണ്ട്. അത്തരം പരിഷ്‌കാരങ്ങളും പരാജയമടഞ്ഞതല്ലാതെ വേറെ ചരിത്രമില്ല.

വലിയ പരിഷ്‌കരണങ്ങള്‍ ശരിയായ ഇടവേള നല്‍കാതെ നടപ്പാക്കുന്നതും അപകടകരമാണ്. ഏതു പരിഷ്‌കരണവും സംവിധാനങ്ങളെ അവയുടെ സ്ഥിരതയില്‍ നിന്നും ഉലയ്ക്കും. സ്ഥിരത ഉലഞ്ഞ സംവിധാനം വീണ്ടും സ്ഥിരത കൈവരിക്കും മുന്‍പ് പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയാല്‍ ഉലഞ്ഞ സംവിധാനം വീണ്ടും ഉലയും ഉലച്ചിലിന്റെ കാഠിന്യം കൂടിയാല്‍ സംവിധാനം അസ്ഥിരമാവുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍ വളരെ സുന്ദരമായ ഒരു പദമാണ് ”പരിഷ്‌കരണങ്ങള്‍” എന്നത്. ശരിയായി അവധാനതയോടെ നടപ്പാക്കിയാല്‍ അവ ഭാവി ശോഭനമാക്കും. മറിച്ച് മുന്നൊരുക്കങ്ങള്‍ ഇല്ലാതെയും വ്യാജ ഉപദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് അവ നടപ്പാക്കുന്നത് എങ്കില്‍ വൃഥാ പരിഷ്‌കാരങ്ങളുടെ വലയത്തില്‍ പെട്ട് വട്ടം ചുറ്റുക മാത്രമാവും പ്രായോഗികമായി നടക്കുന്നത്.