ബിസിനസ് പ്രമോഷന്‍കാര്‍ക്ക് ചുവപ്പ് കൊടി; ശുദ്ധികലശത്തിനൊരുങ്ങി ഫെയ്‌സ് ബുക്ക്

0
61

ഫെയ്‌സ്ബുക്കിലൂടെ പ്രമോഷന്‍ നടത്തി ബിസിനസ് പച്ചപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചുവപ്പ് കൊടി കാട്ടി ഫെയ്ബുക്ക്. ഫെയ്സ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗ് വ്യക്തിവിശേഷങ്ങളും അഭിപ്രായങ്ങളുമായി സൈറ്റിനെ ചുരുക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡില്‍ വന്‍ അഴിച്ച് പണി നടത്താനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍. ബിസിനസുകളെ പ്രമോട്ട് ചെയ്യുന്നതിന് പകരം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്കും മെസേജുകള്‍ക്കുമായിരിക്കും ഇനി മുതല്‍ ഫെയ്സ്ബുക്ക് മുന്‍ഗണന നല്‍കുന്നതെന്ന് വ്യാഴാഴ്ച നടത്തിയ നിര്‍ണായക പ്രഖ്യാപനത്തിലൂടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തുന്നു. യൂസര്‍മാരെ കാര്യമായ സാമൂഹിക ഇടപെടലുകള്‍ക്കായി പ്രേരിപ്പിക്കുകയെന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ ശുദ്ധികലശത്തിന് ഫെയ്സ്ബുക്ക് ഒരുങ്ങുന്നത്.

എന്നാല്‍ തങ്ങളുടെ വെബ്സൈറ്റുകളിലേക്ക് വന്‍ തോതില്‍ യൂസര്‍മാരെ തിരിച്ച് വിടുന്നതിനായി വന്‍ തോതില്‍ ഫെയ്സ്ബുക്ക് പേജുകളെ ഉപയോഗിക്കുന്ന നിരവധി കമ്പനികളെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിരിക്കുന്നു. അവര്‍ അതിന് പകരമായി എന്ത് സംവിധാനം ഉപയോഗിക്കുമെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ഇട്ട പോസ്റ്റിലൂടെയാണ് ഈ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകള്‍ സക്കര്‍ബര്‍ഗ് സ്ഥിരീകരിച്ചിരിക്കുന്നത്. ബിസിനസുകളെ വളര്‍ത്തുന്നതിനുള്ള പോസ്റ്റുകള്‍ വായിക്കുന്നതിലും വീഡിയോകള്‍ കാണുന്നതിലും യൂസര്‍മാര്‍ക്ക് താല്‍പര്യം കുറവാണെന്നും മറിച്ച് സുഹൃത്തുക്കളോ ബന്ധുക്കളോ ഷെയര്‍ ചെയ്യുന്നവ ആസ്വദിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും തങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് ഈ മാറ്റം വരുത്തുന്നതെന്നും സക്കര്‍ബര്‍ഗ് വിശദമാക്കുന്നു.

ഉപഭോക്താക്കള്‍ ഫെയ്സ്ബുക്കിന് മുന്നില്‍ ചെലവഴിക്കുന്ന സമയം വളരെ വിലപ്പെട്ടതാണെന്നും അതിനാല്‍ അവര്‍ ഈ സമയത്ത് അനാവശ്യമായ പ്രമോഷണല്‍ മെറ്റീരിയലുകള്‍ കാണുന്നത് കുറയ്ക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഫെയ്സ്ബുക്ക് സ്ഥാപകന്‍ പറയുന്നു. ഈ മാറ്റം ഉചിതമായ സമയത്താണ് നടപ്പിലാക്കുന്നതെന്നും അത് സമൂഹത്തിനും ബിസിനസുകള്‍ക്കും ദീര്‍ഘകാല ഗുണമേകുമെന്നും സക്കര്‍ബര്‍ഗ് ഉറപ്പ് നല്‍കുന്നു.

ഇതിന്റെ ഭാഗമായി ഫെയ്സ്ബുക്ക് ന്യൂസ് ഫീഡിനെ രണ്ട് ഭാഗങ്ങളാക്കി വിഭജിക്കുന്ന ഒരു പരീക്ഷണം ചില രാജ്യങ്ങളില്‍ നടപ്പിലാക്കിയിരുന്നു. ഇത് പ്രകാരം ന്യൂസ് ഫീഡിന്റെ ഒരു ഭാഗം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സന്ദേശങ്ങള്‍ക്കായും മറു ഭാഗം കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കുമായി മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. ഈ പരീക്ഷണം സ്ലോവാക്യ, സെര്‍ബിയ, ശ്രീലങ്ക എന്നിവയടക്കമുള്ള ആറ് രാജ്യങ്ങളില്‍ നടപ്പിലാക്കിയിരുന്നു.