ഭൂവിവാദം: സിനഡല്‍ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

0
48

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമികച്ചവട വിവാദം അന്വേഷിച്ച സിനഡല്‍ കമ്മീഷന്‍ ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ദൈനംദിന ഭരണചുമതലയില്‍ നിന്നും ഒഴിവാക്കാനുള്ള ശുപാര്‍ശ സിനഡല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് സൂചന.

കര്‍ദിനാളിന് പകരം ഭരണചുമതല പൂര്‍ണമായും സഹായ മെത്രാന് നല്‍കാനാകും നിര്‍ദേശം. സഹായമെത്രാന്‍ പദവിക്ക് പകരം പൂര്‍ണ ചുമതലയുള്ള മെത്രാന്‍ സ്ഥാനമോ അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനമോ ആയിരിക്കും ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിന് നല്‍കുക. പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴച്ചതില്‍ സിനഡല്‍ കമ്മീഷന്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

കര്‍ശനമായ മറ്റു ചില നടപടികള്‍ക്കും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഭാവിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിനായി എറണാകുളം അങ്കമാലി അതിരൂപതയുടെ ചെറിയഭാഗം പ്രത്യേക രൂപതയാക്കി നല്‍കാനും സിനഡിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഉടനടി പ്രഖ്യാപനം സിനഡില്‍ നിന്നൂണ്ടാവാന്‍ സാധ്യതയില്ല. ഒരാഴ്ച്ചയ്ക്ക്‌ശേഷം വാര്‍ത്താക്കുറിപ്പായി സിനഡിന് നല്‍കാനാകും സാധ്യത.