മന്ത്രി സ്ഥാനം നേടുന്നതിന് മറ്റ് പാര്‍ട്ടികളുമായി ലയിക്കാന്‍ ഇനി ശ്രമിക്കില്ല; മന്ത്രിയില്ലാതെ തുടരാന്‍ എന്‍സിപി

0
45
LDF meeting @ AKG centre, Thiruvananthapuram - 12 11 2017 - Photo @ Rinkuraj Mattancheriyil

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: നിലവിലെ രണ്ടു എംഎല്‍എമാര്‍ക്ക് ഇടത് മന്തിസഭയില്‍ പ്രവേശനം ഉടനടി സാധ്യമല്ലെന്ന് മനസിലാക്കി മന്ത്രിമാര്‍ക്കായുള്ള ബദല്‍ നീക്കങ്ങളില്‍ നിന്ന് എന്‍സിപി പിന്‍വാങ്ങുന്നു.

തുടര്‍ നീക്കങ്ങള്‍ നിരന്തരമായി പരാജയപ്പെടുന്നതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. പുറത്തു നിന്നുള്ള എംഎല്‍എമാരെ കൊണ്ട് വന്നാല്‍ പാളയത്തിലെ പട രൂക്ഷമാകും എന്ന് തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം.

കെ.ബി.ഗണേഷ് കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍,  വിജയന്‍ പിള്ള എന്നീ എംഎല്‍എമാര്‍ക്ക് എന്‍സിപി വഴി മന്ത്രിയാകാനുള്ള സാധ്യതകളും ഇതോടെ അവസാനിക്കുകയാണ്.

കേരള കോണ്‍ഗസ് (ബി)യെ എന്‍സിപിയില്‍ ലയിപ്പിച്ച് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയെ
മന്ത്രിയാക്കാന്‍ ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ എന്‍സിപി സംസ്ഥാന പ്രസിഡന്റും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ നീക്കം പാളിപ്പോയിരുന്നു.

തുടര്‍ന്ന് ആര്‍.എസ്.പി എംഎല്‍എയായ കോവൂര്‍ കുഞ്ഞുമോനെയും ചവറ എംഎല്‍എയായ വിജയന്‍ പിള്ളയെയും എന്‍സിപിയില്‍ എത്തിച്ച് മന്ത്രിപദവി നല്‍കാനും നീക്കം ശക്തമായിരുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ എല്ലാം തന്നെ എന്‍സിപിയിലെ തോമസ്‌ ചാണ്ടി, ശശീന്ദ്രന്‍ വിഭാഗങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു.

”പുറത്ത് നിന്നുള്ളവര്‍ക്ക് മന്ത്രി പദവി നല്‍കാനുള്ള നീക്കവുമായി എന്‍സിപി മുന്നോട്ട് പോകില്ല. ഈ നീക്കം നടത്തിയ പാര്‍ട്ടി തന്നെ ഈ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയി. ഈ സാഹചര്യത്തില്‍ വീണ്ടും എന്തിനു ബദല്‍ നീക്കങ്ങള്‍. അതിന്റെ ആവശ്യമില്ല. പുറത്ത് നിന്നുള്ളവര്‍ക്ക് മന്ത്രിപദവി നല്‍കാനുള്ള നീക്കങ്ങള്‍ എന്‍സിപി തുടരില്ല. ” ടി.പി.പീതാംബരന്‍ മാസ്റ്റര്‍ 24 കേരളയോടു പ്രതികരിച്ചു.

പാര്‍ട്ടിയില്‍ ആലോചിക്കാതെ ഈ നീക്കം നടത്തിയതിനു എന്‍സിപി നേതൃയോഗത്തില്‍ പീതാംബരന്‍ മാസ്റ്റര്‍ക്ക് ഖേദപ്രകടനവും നടത്തേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് ഈ നീക്കങ്ങളില്‍ നിന്ന് എന്‍സിപി പിന്‍വലിഞ്ഞത്. ഈ നീക്കങ്ങള്‍ വീണ്ടും സജീവമാകുന്നതിന്റെ വെളിച്ചത്തിലാണ് പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം.

കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ എന്‍സിപി തത്ക്കാലം പ്രതികരിക്കുന്നില്ല എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണമാണത്. ഈ കാര്യത്തില്‍ തത്ക്കാലം പ്രതികരിക്കുന്നില്ല. കൂടുതല്‍ കാര്യങ്ങള്‍ ആ പ്രസ്താവനയിറക്കിയ സജി ചെറിയാന്‍ തന്നെ പറയട്ടെ എന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കുട്ടനാട് സീറ്റ് എന്‍സിപിക്ക് ഇനി നല്കില്ല എന്ന്‌ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ നേരത്തെ പറഞ്ഞിരുന്നു.

നിലവിലെ  എന്‍സിപി എംഎല്‍എമാരായ എ.കെ.ശശീന്ദ്രനും തോമസ്‌ ചാണ്ടിക്കും മന്ത്രി പദവി നല്‍കുക എളുപ്പമല്ല എന്നും പാര്‍ട്ടി മനസിലാക്കിയിട്ടുണ്ട്. ബദല്‍ മന്ത്രി ശ്രമങ്ങളും പാര്‍ട്ടി നേതാക്കള്‍ തന്നെ പരാജയപ്പെടുത്തിയ അവസ്ഥയില്‍ എന്‍സിപി ഇടത് മുന്നണിയിലെ മന്ത്രിയില്ലാ പാര്‍ട്ടിയായി തുടരും എന്ന് തന്നെയാണ് സൂചനകള്‍.