മുഖ്യമന്ത്രിയുടെ ആകാശയാത്രാ വിവാദത്തിനു പിന്നിലാര്? യാത്ര വിവാദമായതില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും അതൃപ്തി

0
53

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രാ വിവാദത്തിനു പിന്നിലാര്? സര്‍ക്കാരില്‍ നിന്നുകൊണ്ട് ആരെങ്കിലും മുഖ്യമന്ത്രിയെ ഒറ്റിയോ? സെക്രട്ടറിയേറ്റിന്റെ ഇടനാഴികളില്‍ ഈ ചോദ്യം സജീവമാണ്.

ആകാശയാത്രാ വിവാദത്തില്‍ തന്നെ ഒരു തെറ്റുകാരനാക്കി പൊതുജനമധ്യത്തില്‍ ചിത്രീകരിക്കാനുള്ള ഒരു ശ്രമം നടന്നതായി മുഖ്യമന്ത്രി തന്നെ മനസ്സില്‍ കരുതുന്നുണ്ട്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഈ കാര്യം സജീവമായി അന്വേഷിക്കുന്നുണ്ട്.

ഒരു യാത്ര നടത്തുമ്പോള്‍ ഫണ്ട് ഏതില്‍ നിന്ന് എന്ന് തീരുമാനിക്കുക മുഖ്യമന്ത്രിയല്ല, ഉദ്യോഗസ്ഥരാണ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥ തലത്തില്‍ എടുത്ത തീരുമാനം വളരെ വേഗം പുറത്തു വരുകയും അത് ഒരു വിവാദത്തിന്റെ രൂപത്തില്‍ ശക്തി പ്രാപിക്കുകയും ചെയ്തു.

ഫണ്ട് പാര്‍ട്ടി നല്‍കാം എന്ന അഭിപ്രായം കൂടി പൊന്തിവന്നതോടെ പാര്‍ട്ടിയും സര്‍ക്കാരും ഉള്‍പ്പെട്ട വിവാദം കൂടിയായി മുഖ്യമന്ത്രിയുടെ ആകാശ യാത്ര മാറി. ഓഖി ഫണ്ടില്‍ നിന്നും മുഖ്യമന്ത്രി ആകാശയാത്ര നടത്തി എന്ന വിവാദം കത്തിപ്പടര്‍ന്നത് വളരെ വേഗമാണ്.

പാര്‍ട്ടി സമ്മേളനത്തിനിടയില്‍ നിന്ന് ഓഖി ദുരന്തം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘത്തെ കാണാനുള്ള യാത്രയാണ് മുഖ്യമന്ത്രി നടത്തിയത്. യാത്ര വിവാദമാകുകയും റവന്യൂമന്ത്രി റവന്യൂ സെക്രട്ടറിയോട് വിശദീകരണം ചോദിക്കുകയും ചെയ്തതോടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചുള്ള വിവാദ യാത്രയായി അത് മാറുകയായിരുന്നു.

വിവാദത്തിന്റെ കാര്യത്തിലും അത് പൊട്ടിപ്പുറപ്പെട്ട രീതിയിലും കടുത്ത നീരസമാണ് ഭരണവൃത്തങ്ങളില്‍ ഉള്ളത്. മാധ്യമങ്ങളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ചെറുതാക്കാന്‍ ശ്രമം നടന്നോ എന്നാണ് ഭരണവൃത്തങ്ങള്‍ പരിശോധിക്കുന്നത്.  അപ്രതീക്ഷിതമായി വിവാദമുണ്ടാവുകയും അത് സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന ഒന്നായി മാറുകയും ചെയ്തത് നിസാര കാര്യമായല്ല ഭരണവൃത്തങ്ങള്‍ കാണുന്നത്.

പാര്‍ട്ടിയും മറിച്ചല്ല കാണുന്നത്. വളരെ പെട്ടെന്ന് ഉടലെടുത്ത വിവാദമാണിത്. ഈ വാര്‍ത്ത വന്നത് സര്‍ക്കാരിനകത്ത് നിന്നാണ്. അത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കും – സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ 24 കേരളയോടു പറഞ്ഞു.

വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്. വാര്‍ത്ത വന്നതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇത് ഏറ്റെടുത്തു. അതാണ്‌ അപ്രതീക്ഷിത വിവാദമായി യാത്ര മാറിയത്. വാര്‍ത്തയ്ക്ക് വേണ്ടിയുള്ള വാര്‍ത്തയും വിവാദത്തിനു വേണ്ടിയുള്ള വിവാദവുമായി യാത്ര മാറി – ആനത്തലവട്ടം പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കാവശ്യമായ പണം വക മാറി ചിലവഴിച്ച വാര്‍ത്ത പരന്നത് സര്‍ക്കാരിനകത്ത് നിന്നുമാണ്. സര്‍ക്കാരില്‍ തന്നെ മുഖ്യമന്ത്രിക്ക് ശത്രുക്കള്‍ ഉണ്ട് എന്ന അവസ്ഥ വരുന്നു. മുഖ്യമന്ത്രിയെ ഒറ്റുകൊടുക്കാന്‍ സര്‍ക്കാരിനകത്തും ആളുകള്‍ ഉണ്ട് എന്ന് വരുന്നത് ഇടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ കാര്യമാണ്.

പല താത്പര്യങ്ങളും ഉള്ളവര്‍ ഭരണതലത്തിലുണ്ട് എന്ന് ഞങ്ങള്‍ക്കറിയാം എന്ന് ആനത്തലവട്ടം ആനന്ദന്‍ തന്നെ വിശദമാക്കുമ്പോള്‍ ഓഖി യാത്രാ വിവാദത്തിനു പിന്നിലാര് എന്നത് പ്രസക്തമായ ചോദ്യം തന്നെയായി മാറുന്നു. മുഖ്യമന്ത്രിയുടെ യാത്ര വിവാദമായി മാറിയപ്പോള്‍ സത്വര നടപടികള്‍ക്ക് റവന്യൂ വകുപ്പിനും തുടക്കം കുറിക്കേണ്ടി വന്നു.

റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോടു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍  ഈ കാര്യത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് തേടി. അപ്പോള്‍ സര്‍ക്കാരിനു സംഭവിച്ച പിഴവ് എന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ ആകാശയാത്ര മാറി. സംഭവം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുകയും ചെയ്തു. യാത്രയ്ക്ക് ഫണ്ട് വകമാറ്റിയത് വാര്‍ത്തകളുടെ തലക്കെട്ട് ആയി മാറുകയും ചെയ്തു.

യാത്രയ്ക്ക് ഫണ്ട് വക മാറ്റുക മാത്രമല്ല മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വിമാനം ഏര്‍പ്പെടുത്താന്‍ വരെ സര്‍ക്കാരിന് അവകാശമുണ്ട്. പാര്‍ട്ടി സമ്മേളനത്തിനിടെ സംസ്ഥാന താത്പര്യം സംരക്ഷിക്കാന്‍ ഉള്ള യാത്രയാണ് ഓഖിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയത്. ആ യാത്ര വിവാദമാക്കിയതിലാണ് സര്‍ക്കാര്‍ തലത്തിലും പാര്‍ട്ടി തലത്തിലും അതൃപ്തി പടരുന്നത്.