മുനീറിനെ ചൊടിപ്പിച്ചത് തുടക്കം മുതലുള്ള അവഗണനയും പിന്‍നിരയിലെ സീറ്റും

0
76

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ലോക കേരളസഭാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കല്ലുകടിയായി പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ ഇറങ്ങിപ്പോകല്‍. ഭരണതലത്തിലെ ഇടപെടലിനെ തുടര്‍ന്ന് മുനീര്‍ തിരികെ വന്നെങ്കിലും ബഹിഷ്ക്കരണം ഉദ്ഘാടന ചടങ്ങിലെ കല്ലുകടിയായി.

ലോക കേരളസഭാ സമ്മേളനത്തിന്റെ ഒരുക്കങ്ങളില്‍ മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും പ്രതിപക്ഷ ഉപനേതാവുമായ എം.കെ.മുനീറിന് തുടക്കം മുതല്‍ ലഭിച്ചത് അവഗണന. ഉദ്ഘാടന സമ്മേളനത്തിനായി നിയമസഭാ മന്ദിരത്തില്‍ എത്തിയപ്പോള്‍ പിന്‍നിരയില്‍ സീറ്റും. ഉദ്ഘാടന വേദിയില്‍ നിന്ന് ഇറങ്ങിപ്പോന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എം.കെ.മുനീര്‍ എംഎല്‍എയുടെ ഓഫീസ് 24 കേരളയോടു പറഞ്ഞത് ഇക്കാര്യമാണ്.

ചാര്‍ട്ട് തയ്യാറാക്കുന്ന ഘട്ടത്തില്‍ ‘ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നില്ലല്ലോ’ എന്നാണത്രെ സ്പീക്കറുടെ ഓഫീസ് മുനീറിനോട് ചോദിച്ചത്. അത് തന്നെ അവഗണന ആയിട്ടാണ് മുനീര്‍ കണക്കാക്കിയത്. തുടര്‍ന്ന്
മുനീര്‍ പ്രസംഗിക്കാത്തതിനാല്‍ മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നു എന്നാണത്രെ സ്പീക്കറുടെ ഓഫീസില്‍ നിന്നും അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ മുനീര്‍ ഒന്നും പ്രതികരിച്ചില്ല.

അവഗണന ഉദ്ഘാടന വേദിയിലും പ്രതിഫലിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനെ നേരിട്ടുകണ്ട് ബഹിഷ്ക്കരണം പ്രഖ്യാപിച്ച് മുനീര്‍  ഇറങ്ങിപ്പോവുകയായിരുന്നു.

വിശിഷ്ടാതിഥികള്‍ക്കുള്ള മൂന്നാം നിരയിലാണ് അദ്ദേഹത്തിന് ഇരിപ്പിടം ഒരുക്കിയിരുന്നത്. മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവിനെ അവഹേളിക്കുന്നതായിരുന്നു ഈ സമീപനം. മൂന്നാമത്തെ നിരയില്‍ 93-ാമത്തെ സീറ്റായിരുന്നു അദ്ദേഹത്തിന്റേത്. ലീഗം എംഎല്‍എമാരുടെ ഇരിപ്പിടമാകട്ടെ ഒമ്പത്, പത്ത് നിരകളിലും. ഇതുകൂടി കണ്ടതോടെയാണ് മുനീര്‍ പരിപാടി ബഹിഷ്‌കരിച്ചത്-മുനീറിന്റെ ഓഫീസ് പറഞ്ഞു.

ഇത് നിയമസഭയോടുള്ള അനാദരവായി മുനീര്‍ കണക്കാക്കുകയായിരുന്നു. എംഎല്‍എമാര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നില്ല. ഇറങ്ങിപ്പോന്നപ്പോള്‍ ഉടന്‍ തന്നെ  വിളി വന്നു. ഇരിപ്പിടം 29 ആക്കി ക്രമീകരിച്ചു എന്ന്. പക്ഷെ അപ്പോഴും തിരികെ പോകാന്‍ മുനീര്‍ തയ്യാറായില്ല.

എംഎല്‍എമാരുടെ യോഗവും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല വിളിച്ചു കൂട്ടിയ യോഗവും കഴിഞ്ഞ ശേഷമാണ് ലോക കേരളസഭാ സമ്മേളനത്തിന്നായി മുനീര്‍ തിരികെ വന്നത്. മുനീറിന്റെ ബഹിഷ്ക്കരണം തിരിച്ചടിയായെങ്കിലും ലോക കേരളസഭാ സമ്മേളനം നിയമസഭാ മന്ദിരത്തില്‍ കൃത്യസമയത്ത് തന്നെ ആരംഭിച്ചു.

രാവിലെ 9.30നു ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭയുടെ രൂപീകരണം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായി. പിന്നീട് സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സഭയുടെ ഉപനേതാവ്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. വൈകിട്ട് 4,30ന് മേഖലാ ചര്‍ച്ചകളുടെ അവതരണം നടക്കും. പിന്നീട് 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

പ്രഭാവര്‍മ രചിച്ചു ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാരിയറും ഒരുക്കുന്ന സംഗീതപരിപാടി എന്നിവയും ഉണ്ടാകും. നാളെ രാവിലെ മുതല്‍ വിവിധ മേഖലാ സമ്മേളനങ്ങള്‍ നടക്കും.