വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് വി.ടി ബല്‍റാമിന്റെ ഓഫീസിന് നേരെ വീണ്ടും മാര്‍ച്ച്

0
57

പാലക്കാട്: എകെജി ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വി.ടി ബല്‍റാം എംഎല്‍എ യ്‌ക്കെതിരായ പ്രതിഷേധം അവസാനിക്കുന്നില്ല. ബല്‍റാം വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ യുടെ
തൃത്താലയിലെ ഓഫിസിലേക്ക് സിപിഎം മാര്‍ച്ച് നടത്തി. പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ ആറിന് എംഎല്‍എ യുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരുന്നത്‌. പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴുതരുതെന്ന് ഏരിയ കമ്മിറ്റിക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ, കാഞ്ഞിരത്താണിയില്‍ എംഎല്‍എ പങ്കെടുത്ത സ്വകാര്യ ചടങ്ങിനിടെ കല്ലേറും സംഘര്‍ഷവുമുണ്ടായ സംഭവത്തില്‍ പൊലീസ് 20 പേരെ അറസ്റ്റ് ചെയ്തു. 10 വീതം എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചാലിശ്ശേരി പൊലീസ് മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാന നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന ഒട്ടേറെ പേര്‍ക്കെതിരെയുമാണു കേസ്. തന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തതുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതിയിലാണ് ഒരു കേസ്. പരുക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകനും സിവില്‍ പൊലീസ് ഓഫിസറും നല്‍കിയ പരാതികളിലാണ് മറ്റു കേസുകള്‍.

അതേസമയം, എംഎല്‍എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തൃത്താല നിയോജകമണ്ഡലത്തില്‍ ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. പാലക്കാട്-ഗുരുവായൂര്‍, പാലക്കാട്- പൊന്നാനി റൂട്ടുകളിലെ ദീര്‍ഘദൂര ബസുകളൊഴികെയുള്ളവ സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളെയും കെഎസ്ആര്‍ടിസി ബസുകളെയും അഞ്ചു മിനിറ്റ് തടഞ്ഞിട്ട ശേഷമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കടത്തിവിട്ടത്. വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ പൊലീസുമായി വാക്കേറ്റമുണ്ടായി.