വീട്ടിലെ പച്ചക്കറി കൃഷിക്ക് ജൈവവളമായി മുട്ടത്തോട്

0
66

വീട്ടുവളപ്പില്‍ പച്ചക്കറി നടുമ്പോള്‍ ജൈവവളം പുറത്ത് നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. എന്നാല്‍ ജൈവക്കൃഷിക്ക് അനുയോജ്യമായ വളം വീട്ടില്‍ തന്നെ ഉണ്ടാക്കാം. വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടത്തോടുകള്‍ തന്നെ നല്ല ജൈവവളമാണ്.

മുട്ടത്തോട് നല്ല വെയിലില്‍ നന്നായി ഉണക്കി ഇടിച്ച് പൊടിക്കണം. നന്നായി പൊടിഞ്ഞു കഴിഞ്ഞാല്‍ ആ പൊടി പച്ചക്കറികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം. ചെടികള്‍ തഴച്ചു വളരാനും നല്ല ഫലം നല്‍കാനും ഈ വളം സഹായിക്കും.

മുട്ടത്തോടില്‍ ധാരാളം കാത്സ്യവും ധാതുക്കളും അടങ്ങിയിരിക്കുന്നു. മണ്ണിനെ സമ്പുഷ്ടമാക്കാന്‍ മണ്ണില്‍ ചേര്‍ക്കുന്ന കുമ്മായത്തിന്റെ ഗുണം മുട്ടത്തോടില്‍ നിന്നു ലഭിക്കും. മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിന്റെ പ്രധാന ഘടകം കാത്സ്യം കാര്‍ബണേറ്റ് ആണ്. മുട്ടത്തോടില്‍ 97 ശതമാനവും കാത്സ്യം കാര്‍ബണേറ്റ് ആണ്. ഇതിനു പുറമേ ഫോസ്ഫറസ്, മഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

വളമായി മാത്രമല്ല, ചെടികളെ നശിപ്പിക്കുന്ന കീടങ്ങളെയും ഒച്ചുകളെയും നിയന്ത്രിക്കാനും മുട്ടത്തോട് നല്ലതാണ്. ഗ്രോ ബാഗ് നിറയ്ക്കുമ്പോള്‍ അല്പം മുട്ടത്തോട് പൊടി ചേര്‍ക്കുന്നത് നന്നാവും.