സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോള്‍ എന്തിന് ലോക കേരള സഭയുടെ പേരില്‍ ഈ ധൂര്‍ത്ത്? : കെ.എസ്.ശബരീനാഥന്‍

0
169

തിരുവനന്തപുരം: ലോക കേരള സഭയുടെ പേരില്‍ നടക്കുന്ന അനാവശ്യ ചെലവിനും ധൂര്‍ത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന, പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാതിരിക്കുന്ന ഈ സാഹചര്യത്തില്‍ ലോക കേരള സഭയുടെ പേരില്‍ 8 കോടിയോളം രൂപ ചിലവഴിച്ചത് അനവസരത്തിലല്ലെയെന്നും ഇപ്പോള്‍ ഈ ധൂര്‍ത്തിന്റെ ആവശ്യകത എന്തായിരുന്നുവെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എംഎല്‍എ ചോദിക്കുന്നു.

കെ.എസ് ശബരീനാഥന്‍ എംഎല്‍എ യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരത്തെ പ്രശസ്തമായ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഈ രണ്ടു ദിവസങ്ങളില്‍ ഏകദേശം 250 റൂമുകള്‍ ലോക കേരള സഭയ്ക്ക് വേണ്ടി സര്‍ക്കാര്‍ നോര്‍ക്ക മുഖാന്തരം ബുക്ക് ചെയ്തിരിക്കുന്നു എന്നാണ് അറിഞ്ഞത്. ഇതുപോലത്തെ ചിലവുകള്‍ ചേര്‍ന്ന് ഏകദേശം 8 കോടി രൂപയാണ് ലോക കേരള സഭയുടെ നടത്തിപ്പ് ചെലവ് എന്നറിയുന്നു.

ലോക കേരള സഭ എന്നത് ഒരു നല്ല ആശയമാണ്, പ്രവാസികളുടെ ബുദ്ധിമുട്ടുകളും അവര്‍ കേരളത്തിന് നല്‍കുന്ന അനന്തമായ സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ പറ്റിയ വേദിയാണ്. പക്ഷെ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്ന, പെന്‍ഷന്‍ പോലും നല്‍കാന്‍ കഴിയാത്ത ഈ സമയത്തു ഒരു കോര്‍പ്പറേറ്റ് ഇവന്റ് പോലെ / അവാര്‍ഡ് നിശ പോലെ കോടികള്‍ മുടക്കി ഇത്രയും വലിയ ധൂര്‍ത്തു നടത്തുന്നത് അനവസരത്തിലല്ലേ ?