സുപ്രീം കോടതിയിലെ സംഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍

0
45


ന്യൂഡല്‍ഹി: നാല് സുപ്രീം കോടതി ജഡ്ജിമാര്‍, കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താസമ്മേളനം വിളിച്ച സംഭവം ജുഡീഷ്യറിയെകുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍. ഇന്നുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ഇത് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ന് രാവിലെ ജസ്റ്റിസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ കോടതി ബഹിഷ്‌കരിക്കുകയും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സുപ്രീം കോടതിയുടെ ഭരണ സംവിധാനം തകരാറിലാണെന്നും ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണോ എന്ന് രാജ്യം തീരുമാനിക്കട്ടേയെന്നും ജസ്റ്റിസ് ചെലമേശ്വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യം അറിയിച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തങ്ങള്‍ കത്ത് മുഖേനെ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. ഇന്ന് വീണ്ടും ചീഫ് ജസ്റ്റിസിനെ നേരിട്ട് ചെന്നു കണ്ടു. എന്നാല്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്കായില്ല. ജുഡീഷ്യറിയുടേയും ജനാധിപത്യത്തിന്റേയും നിലനില്‍പ്പിനു വേണ്ടി രാജ്യത്തെ ജനങ്ങളോട് ഇനിയെങ്കിലും കാര്യങ്ങള്‍ തുറന്നു പറയേണ്ടതുണ്ട്. ഞങ്ങള്‍ നാലുപേരും ആത്മാവ് പണയം വെച്ചു എന്ന് ഭാവി തലമുറ കുറ്റപ്പെടുത്തുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്നും ചെലമേശ്വര്‍ പറഞ്ഞു.