സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞെന്ന് ജഡ്ജിമാര്‍: കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താ സമ്മേളനം നടത്തി

0
64

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി ബഹിഷ്‌കരിച്ച് വാര്‍ത്താ സമ്മേളനം നടത്തി. ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, രജ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. രണ്ടു മാസമായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്. അതിനാലാണ് പ്രശ്‌നങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. കാര്യങ്ങള്‍ ശരിയായ രീതിയില്‍ അല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. കേസുകള്‍ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലുമുള്ള വിയോജിപ്പുകള്‍ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് അറിയിച്ചെങ്കിലും അതൊന്നും കേള്‍ക്കാന്‍ അദ്ദേഹം തയ്യറായില്ല. അതിനാലാണ് ഇത്തരത്തില്‍ രാജ്യത്തെ ജനങ്ങളോട് പറയേണ്ടി വന്നതെന്നും ചെലമേശ്വര്‍ പറഞ്ഞു.

തികച്ചും അസാധരണമായ സംഭവങ്ങള്‍ക്കാണ് ഇന്ന് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. നാലു കോടതികളിലേയും നടപടികള്‍ നിര്‍ത്തിവെച്ച് ജഡ്ജിമാര്‍  വാര്‍ത്താ സമ്മേളനം വിളിക്കുകയായിരുന്നു.

സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുമതല ഏല്‍പ്പിക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പ്രതിഷേധത്തിന് കാരണം. കൊളീജിയം സംവിധാനത്തിലുള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ജസ്റ്റിസുമാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ആദ്യമായാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്ത് വന്നത്.