സൗദി സ്റ്റേഡിയങ്ങളിലെ സ്ത്രീ വിലക്ക് നീക്കി; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും

0
52

റിയാദ്: സൗദിയില്‍ വനിതകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശിച്ച് മത്സരങ്ങള്‍ കാണാന്‍ അനുവാദം നല്‍കിയുള്ള നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോര്‍ട്സ് സിറ്റി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആദ്യമായി ഇതിനായുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഡ്രൈവിങിനുള്ള അനുവാദം കിട്ടിയതിനു പിന്നാലെയാണ് രാജ്യത്തെ സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അനുവാദവും വനിതകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നാളെ ജിദ്ദയിലെ കിംഗ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന കളികാണാല്‍ പ്രവേശനം ലഭിക്കുന്നതോടെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന വിലക്ക് പഴങ്കഥയാകും.

സൗദിയിലെ സ്റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡണ്ട് തുര്‍ക്കി ആലു ശൈഖ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം പതിനേഴാമത് സൗദി പ്രൊഫഷണല്‍ ലീഗ് മത്സരങ്ങളുടെ ഭാഗമായി നാളെ ജിദ്ദയിലെ കിംഗ് അബ്ദുല്ല അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ അഹ്ലി, അല്‍ ബാതിന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള ഫുട്ബോള്‍ മത്സരമാണ് വനിതകള്‍ വീക്ഷിക്കുന്ന ആദ്യ കളി. തുടര്‍ന്ന് ശനിയാഴ്ച റിയാദ് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ ഹിലാല്‍ – അല്‍ ഇത്തിഹാദ് മത്സരത്തിലേക്കും അടുത്ത ആഴ്ച ദമ്മാം പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അല്‍ ഇത്തിഫാഖ്, അല്‍ഫൈസലി ക്ളബ്ബുകള്‍ തമ്മിലുള്ള മത്സരത്തിലേക്കും വനിതകള്‍ക്ക് പ്രവേശനം നല്‍കും.